Section

malabari-logo-mobile

168 റണ്‍സിന്റെ ജയം ;ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

HIGHLIGHTS : India won the Twenty20 series against New Zealand by 168 runs

അഹമ്മദാബാദ്: അഹമ്മദാബാദില്‍ കിവികളെ എറിഞ്ഞുവീഴ്ത്തി ടീം ഇന്ത്യ ട്വന്റി 20 പരമ്പര സ്വന്തമാക്കി. മൂന്നാമത്തെയും അവസാനത്തേയും മത്സരത്തില്‍ 168 റണ്‍സിന്റെ ജയവുമായാണ് ഇന്ത്യ പരമ്പര 2-1ന് പേരിലാക്കിയത്. ഇന്ത്യ മുന്നോട്ടുവെച്ച 235 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവികള്‍ 12.1 ഓവറില്‍ 66 റണ്‍സില്‍ എല്ലാവരും പുറത്തായി.

ഇന്ത്യക്കായി ഹാര്‍ദിക് പാണ്ഡ്യ നാലും അര്‍ഷ്ദീപ് സിംഗും ഉമ്രാന്‍ മാലിക്കും ശിവം മാവിയും രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി. ശുഭ്മാന്‍ ഗില്ലിന്റെ തകര്‍പ്പന്‍ സെഞ്ചുറിക്കരുത്തില്‍ അഹമ്മദാബാദ് ട്വന്റി 20യില്‍ ടീം ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. 126 റണ്‍സ് നേടിയ ഗില്ലിന് പുറമെ രാഹുല്‍ ത്രിപാഠിയും(22 പന്തില്‍ 44) ഹാര്‍ദിക് പാണ്ഡ്യയും(17 പന്തില്‍ 30), സൂര്യകുമാര്‍ യാദവും(13 പന്തില്‍ 24) തിളങ്ങി. ഓപ്പണര്‍ ഇഷാന്‍ കിഷന്‍ ഒരു റണ്ണില്‍ മടങ്ങിയപ്പോള്‍ ഗില്ലിനൊപ്പം ദീപക് ഹൂഡ(2 പന്തില്‍ 2) പുറത്താവാതെ നിന്നു. 35 പന്തിലാണ് ഗില്‍ 50 തികച്ചത് എങ്കില്‍ പിന്നീടുള്ള 19 പന്തുകളില്‍ താരം മൂന്നക്കം തികച്ചു.

ഗില്ലിന്റെ കന്നി രാജ്യാന്തര ട്വന്റി 20 ശതകമാണിത്. കിവികള്‍ക്കായി മൈക്കല്‍ ബ്രേസ്വെല്ലും ബ്ലെയര്‍ ടിക്നെറും ഇഷ് സോധിയും ഡാരില്‍ മിച്ചലും ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ കിവികള്‍ക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരം നല്‍കിയാണ് ടീം ഇന്ത്യ തുടങ്ങിയത്. ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലന്‍(4 പന്തില്‍ 3) സ്ലിപ്പില്‍ സൂര്യയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ദേവോണ്‍ കോണ്‍വേയെയും(2 പന്തില്‍ 1), അവസാന പന്തില്‍ മാര്‍ക് ചാപ്മാനെയും(2 പന്തില്‍ 0) അര്‍ഷ്ദീപ് മടക്കി. കോണ്‍വേയുടെ ക്യാച്ച് പാണ്ഡ്യക്കും ചാപ്മാന്റേത് കിഷനുമായിരുന്നു. വീണ്ടും പന്തെടുത്ത മൂന്നാം ഓവറിലെ നാലാം പന്തില്‍ ഗ്ലെന്‍ ഫിലിപ്സിനേയും(7 പന്തില്‍ 2) ഹാര്‍ദിക് മടക്കി. സൂര്യക്കായിരുന്നു ഇത്തവണയും ക്യാച്ച്. ഇതോടെ 2.4 ഓവറില്‍ 7-4 എന്ന നിലയില്‍ കിവികള്‍ തകര്‍ന്നു.

പിന്നീട് വന്ന മൈക്കല്‍ ബ്രേസ്വെല്ലിനെ(8 പന്തില്‍ 8) ഉമ്രാന്‍ മാലിക് ബൗള്‍ഡാക്കിയപ്പോള്‍ മിച്ചല്‍ സാന്റ്നറെ(13 പന്തില്‍ 13) ശിവം മാവി, സൂര്യയുടെ കൈകളിലെത്തിച്ചു. ഇതേ ഓവറില്‍ ഇഷ് സോധിയെയും(2 പന്തില്‍ 0) മാവി പറഞ്ഞയച്ചതോടെ ന്യൂസിലന്‍ഡ് 8.5 ഓവറില്‍ 57-3 ആയി. ലോക്കീ ഫെര്‍ഗൂസനെ പൂജ്യത്തിലും ബ്ലെയര്‍ ടിക്നെറിനെ ഒന്നിലും ഹാര്‍ദിക് പാണ്ഡ്യയും ഡാരില്‍ മിച്ചലിനെ(25 പന്തില്‍ 35) മാലിക്കും പുറത്താക്കിയതോടെ കിവികളുടെ പോരാട്ടം 66ല്‍ അവസാനിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!