Section

malabari-logo-mobile

സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

HIGHLIGHTS : India won the SAFF Cup football title

ബംഗളൂരു: ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സാഫ് കപ്പ് ഫുട്‌ബോള്‍ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ആവേശകരമായ മത്സരത്തിന് ഷൂട്ടൗട്ടില്‍ തീര്‍പ്പായപ്പോള്‍ 5–4നാണ് ഇന്ത്യയുടെ ജയം. നിശ്ചിതസമയത്ത് 1–1 ആയിരുന്നു ഫലം. ഷൂട്ടൗട്ടില്‍ കുവൈത്തിന്റെ ആറാം കിക്ക് എടുത്ത ഖാലിദ് എല്‍ ഇബ്രാഹിമിനെ തടഞ്ഞാണ് ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു ഇന്ത്യക്ക് സാഫ് കപ്പ് ഫുട്ബോള്‍ കിരീടം സമ്മാനിച്ചത്. സാഫില്‍ ഇന്ത്യയുടെ ഒമ്പതാം കിരീടമാണ്. ഈ വര്‍ഷത്തെ മൂന്നാം കിരീടം.

ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രി, സന്ദേശ് ജിങ്കന്‍, ലല്ലിയന്‍സുവാല ചാങ്തെ, സുഭാശിഷ് ബോസ്, മഹേഷ് സിങ് എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഉദാന്ത സിങ്ങിന്റെ കിക്ക് ബാറിന് മുകളിലൂടെ പറന്നു. കുവൈത്തിന്റെ മുഹമ്മദ് അബ്ദുള്ള ദഹാമിന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. ഫവാസ് അല്‍ ഒതെയ്ബി, മുഹമ്മദ് അല്‍ ദെഫിരി, അബ്ദുള്‍ അസീസ് നാജി, അല്‍ ഖല്‍ദി എന്നിവരുടെ കിക്ക് വലയിലെത്തി.

sameeksha-malabarinews

തുടക്കത്തില്‍ത്തന്നെ ക്യാപ്റ്റന്‍ ഛേത്രിയെ കുവൈത്ത് ഗോളി അബ്ദുള്‍ റഹ്‌മാന്‍ മര്‍സൂക് തടഞ്ഞു. ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്കിടെയായിരുന്നു കുവൈത്തിന്റെ പ്രത്യാക്രമണം. മൊബാറക് അല്‍ ഫനീനിയിലൂടെയായിരുന്നു തുടക്കം. അല്‍ ബ്‌ളൗഷി ആക്രമണം ഏറ്റെടുത്തു. ഇടതുഭാഗത്ത് കുതിച്ചെത്തിയ ഷബീബ് അല്‍ഖാല്‍ദിയിലേക്ക് ക്രോസ്. ഇന്ത്യന്‍ പ്രതിരോധം തടയാന്‍ മറന്നു. അല്‍ ഖാല്‍ദിയുടെ ഷോട്ട് സന്ധുവിന്റെ ശ്രമം മറികടന്ന് വല തൊട്ടു.

ആദ്യപകുതി അവസാനിക്കാന്‍ ഏഴ് മിനിറ്റ് ശേഷിക്കെ ഇന്ത്യയുടെ വലതുഭാഗത്തുനിന്നുള്ള ക്രോസ് തടയാന്‍ കുവൈത്ത് പ്രതിരോധം പരാജയപ്പെട്ടു. പന്ത് ആഷിഖ് കുരുണിയന്റെ കാലില്‍. പ്രതിരോധക്കാരെ വെട്ടിച്ച് ആഷിഖ് ഛേത്രിയിലേക്ക് പന്തൊഴുക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഉടന്‍ ബോക്സിലേക്ക് ത്രൂപാസ് നല്‍കി. സഹല്‍ അബ്ദുള്‍ സമദ് പിടിച്ചെടുത്തു. ഉടന്‍ മറുഭാഗത്തേക്ക് ക്രോസ്. ചാങ്തെ ലക്ഷ്യം കണ്ടു.

രണ്ടാംപകുതിയില്‍ ഇരുഭാഗത്തും കടുത്ത ഫൗളുകള്‍. റഫറിക്ക് പലതവണ മഞ്ഞക്കാര്‍ഡ് വീശേണ്ടി വന്നു. നിശ്ചിതസമയം അവസാനിക്കാന്‍ നിമിഷങ്ങള്‍മാത്രം ശേഷിക്കെ സന്ധു ഇന്ത്യയുടെ രക്ഷകനായി. ബോക്സിന് പുറത്തുള്ള കൂട്ടപ്പൊരിച്ചിലിനിടെ അബ്ദുള്ളായുടെ കൃത്യതയുള്ള ഷോട്ട് വലയുടെ ഇടതുമൂല ലക്ഷ്യമാക്കി പറന്നു. സന്ധുവിന്റെ ചാട്ടം അത് തടയുകയായിരുന്നു. കളി അധികസമയത്തേക്ക് നീങ്ങി. ഇരുഭാഗത്തും മികച്ച നീക്കങ്ങളുണ്ടായെങ്കിലും ഗോള്‍മാത്രം അകന്നു. അവസാന നിമിഷം ചാങ്തെയുടെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു. ഇതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!