ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാട് : ഉപരാഷ്ട്രപതി

ഇന്ത്യ പ്രതീക്ഷകളുടെയും സാധ്യതകളുടെയും നാടാണെന്നും ലോകം അതംഗീകരിക്കുന്നുവെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ 12-ാമത് ബിരുദദാനം നിര്‍വഹിച്ച് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഉപരാഷ്ട്രപതി.

ആഗോള രാജ്യങ്ങള്‍ ഇന്ത്യയുടെ ബഹിരാകാശ വിജയങ്ങളെ അംഗീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ ബഹിരാകാശ ദൗത്യങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നു. ചന്ദ്രയാന്‍, ആദിത്യ എല്‍ 1 ദൗത്യങ്ങള്‍ സാധ്യമായത് ഐ.എസ്.ആര്‍.ഒ കാരണമാണ്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ആദ്യ രാജ്യമെന്ന ബഹുമതിയില്‍ നമ്മള്‍ അഭിമാനിക്കണം.

ഈ നൂറ്റാണ്ട് ഭാരതത്തിന്റേതാണ്. ഭാരതം കുതിച്ചുയരുകയാണ്. ആ വളര്‍ച്ച യുവാക്കളാണ് നയിക്കുന്നത്. അത് 2047-ല്‍ പാരമ്യത്തിലെത്തും. എന്നാല്‍ 2047ന് മുമ്പ് നമ്മള്‍ വികസിത ഭാരതം ആകുമെന്ന് വിശ്വസിക്കുന്നു. മൂന്നാമത്തെ വലിയ ആഗോള സമ്പദ് വ്യവസ്ഥയാകാനുള്ള പാതയിലാണ് രാജ്യം. യുവാക്കള്‍ക്ക് വളരാനുള്ള മികച്ച അന്തരീക്ഷം രാജ്യത്തുണ്ടെന്നും അവരുടെ താല്പര്യം, കഴിവ്, എന്നിവ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയില്‍ സാധിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

അധ്യാപകരുള്‍പ്പെടുന്ന അക്കാദമിക വിഭവശേഷിയിലും വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങളിലും മാതൃക തീര്‍ക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് ടെക്നോളജി. ഐ എസ് ആര്‍ ഒ യിലടക്കം പ്രവര്‍ത്തിച്ച് രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നുവെന്നത് അഭിമാനകരമാണ്. ഓരോ നിമിഷവും ലോകത്തിലെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ ബിരുദം ഏറ്റു വാങ്ങിയ എല്ലാവര്‍ക്കും കഴിയുന്നു. ലിഥിയം, സോഡിയം അടക്കമുള്ള മൂലകങ്ങളുടെ വരും സാധ്യതകളിലാണ് ഇന്ന് ലോകത്തിന്റെ ശ്രദ്ധ. ഹൈഡ്രജന്‍ ഇന്ധനമാക്കി ഹരിത ഊര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യ കര്‍മ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

ആട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിങ്, ബ്ലോക്ക് ചെയിന്‍ മാനേജ്മെന്റടക്കമുള്ള നവീന വിഷയങ്ങള്‍ക്ക് സാധ്യതയേറുന്നു. ഇവയുടെ എല്ലാം സാധ്യതകള്‍ അറിയുകയും പഠിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിവേഗം രൂപാന്തരത്വം പ്രാപിക്കുന്ന ശാഖയെന്ന രീതിയില്‍ സ്പേസ് ടെക്നോളജിയിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും വിദ്യാര്‍ത്ഥി സമൂഹത്തിന് ബാധ്യതയുണ്ട്. പ്രസ്തുത മേഖലകളില്‍ ഗവേഷണ ഫലങ്ങള്‍ കോടിക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനതക്ക് പ്രയോജനപ്പെടും വിധം ഉപയോഗിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. പരാജയങ്ങളില്‍ ഭയപ്പെടേണ്ടതില്ല. അത് വരും വിജയങ്ങളുടെ മുന്നോടിയായി കണ്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. ഐ ഐ എസ് ടി ബിരുദ ദാനം ഉപരാഷ്ട്രപതി നിര്‍വഹിച്ചു. ഉപരാഷ്ട്രപതിയുടെ പത്‌നി സുധേഷ് ധന്‍കര്‍ മികച്ച പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമ്നാഥ്, ചാന്‍സര്‍ ഡോ. ബി എന്‍ സുരേഷ്, ഐ ഐ എസ് ടി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായര്‍ , എല്‍ പി എസ് സി ഡയറക്ടര്‍ ഡോ.വി നാരായണന്‍, രജിസ്ട്രാര്‍ പ്രൊഫ.കുരുവിള ജോസഫ് എന്നിവര്‍ സംബന്ധിച്ചു.

ഐ ഐ എസ് ടി ക്യാമ്പസിലെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിനെ ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമ്നാഥ്, ഐ ഐ എസ് ടി ഡയറക്ടര്‍ ഡോ.എസ് ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ക്യാമ്പസ്സില്‍ ഉപരാഷ്ട്രപതിയും പത്നി സുധേഷ് ധന്‍കറും ചേര്‍ന്ന് വൃക്ഷത്തൈ നട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top