വാഷിംഗ്ടണ്‍: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള തപാല്‍ ചരക്കുകള്‍ സ്വീകരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തുമെന്ന് കേന്ദ്ര തപാല്‍ വകുപ്പ്. ഈ മാസം അവസാനം പ്രാബല്യത്തില്‍ വരുന്ന അമേരിക്കയുടെ പുതിയ കസ്റ്റംസ് നിയമങ്ങളെ തുടര്‍ന്ന് ഓഗസ്റ്റ് 25 മുതലാണ് തപാല്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.
ജൂലൈ 30ന് 800 യുഎസ് ഡോളര്‍ വരെ വിലയുള്ള സാധനങ്ങള്‍ക്കുള്ള ഡ്യൂട്ടി ഫ്രീ ഇളവ് പിന്‍വലിച്ചുകൊണ്ട് അമേരിക്ക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഓഗസ്റ്റ് 29 മുതല്‍ അമേരിക്കയിലേയ്ക്ക് അയയ്ക്കുന്ന എല്ലാ തപാല്‍ ഇനങ്ങള്‍ക്കും അവയുടെ മൂല്യം പരിഗണിക്കാതെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവര്‍ ആക്ട് (ഐഇഇപിഎ) താരിഫിന്റെ ചട്ടക്കൂടിന് കീഴിലുള്ള കസ്റ്റംസ് തീരുവ ബാധകമാകും. 100 യുഎസ് ഡോളര്‍ വരെയുള്ള സമ്മാന ഇനങ്ങള്‍ മാത്രമേ ഡ്യൂട്ടി ഫ്രീയായി തുടരുകയുള്ളൂ.
പുതിയ നിയമപ്രകാരം അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്കും യുഎസ് കസ്റ്റംസ് അംഗീകരിച്ച മറ്റ് യോഗ്യതയുള്ള കക്ഷികള്‍ക്കും മാത്രമേ തപാല്‍ കയറ്റുമതികളില്‍ തീരുവ ശേഖരിക്കാനും അടയ്ക്കാനും കഴിയൂ എന്നാണ് . ഇത് സംബന്ധിച്ചുള്ള പ്രക്രിയകള്‍ എന്തെന്ന് ഇതുവരെ വ്യക്തമല്ലാത്തതിനാല്‍ ഓഗസ്റ്റ് 25 ന് ശേഷം അമേരിക്കയിലേയ്ക്ക് തപാല്‍ പാഴ്‌സലുകള്‍ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് എയര്‍ലൈനുകള്‍ വ്യക്തമാക്കിയിരിക്കുന്നതായാണ് വിവരം.
അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റ ശേഷം വരുത്തിയ വ്യാപകമായ വ്യാപാര മാറ്റങ്ങളുടെ ഭാഗമാണ് കസ്‌ററംസ് നിയമങ്ങളുടെ ഈ മാറ്റവും. ഇതിനുപുറമെ ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം അധികതീരുവ ചുമത്തിയിട്ടുണ്ട്. ഓഗസ്റ്റില്‍ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്നീട് 25 ശതമാനം കൂടി വര്‍ദ്ധിപ്പിച്ച് 50 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




