മൂന്നാം ട്വന്റി -20യില്‍ ഇന്ത്യക്ക് തോല്‍വി

അഹമ്മദാബാദ് : ജോസ് ബട്ലറുടെ വെടിക്കെട്ടില്‍ ഇംഗ്ലണ്ട് കുതിച്ചു. മൂന്നാം ട്വന്റി – 20യില്‍ എട്ട് വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. ബട്ലര്‍ 52 പന്തില്‍ 83 റണ്ണെടുത്തു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് 2 – 1ന് മുന്നിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്ണെടുത്തു. മറുപടിക്കെത്തിയ ഇംഗ്ലണ്ട് പത്ത് പന്ത് ശേഷിക്കെ ജയം നേടി. ഓപ്പണറായെത്തിയ ബട്ലറുടെ ഇന്നിങ്സില്‍ നാല് സിക്സറും അഞ്ച് ഫോറും ഉള്‍പ്പെട്ടു. ജോണി ബെയര്‍സ്റ്റോ 28 പന്തില്‍ 40 റണ്ണെടുത്തു.

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാത്രം പൊരുതി. കോഹ്ലി 46 പന്തില്‍ 77 റണ്ണുമായി പുറത്താകാതെനിന്നു. തുടര്‍ച്ചയായ രണ്ടാംമത്സരത്തില്‍ കോഹ്ലിയുടെ മികച്ച പ്രകടനം. നാല് സിക്സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്സില്‍. ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ലോകേഷ് രാഹുല്‍ (0), രോഹിത് ശര്‍മ (17 പന്തില്‍ 15), ഇഷാന്‍ കിഷന്‍ (9 പന്തില്‍ 4) എന്നിവര്‍ പെട്ടെന്ന് മടങ്ങി. 25 റണ്ണെടുത്ത ഋഷഭ് പന്ത് റണ്ണൗട്ടായും മടങ്ങി. ശ്രേയസ് അയ്യര്‍ക്കും (9 പന്തില്‍ 9) പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറുകളില്‍ കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. നാലാംമത്സരം നാളെ നടക്കും.

Share news
error: Content is protected !!
Scroll to Top