
ബെര്‍ലിന്‍ : പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് കൂടുതല്‍ രാജ്യങ്ങള്‍ അസ്ട്രസെനകയുടെ കോവിഡ് വാക്സിന്‍ ഉപയോഗം നിര്‍ത്തുന്നു. സ്വീഡനും ലാറ്റ്വിയയുമാണ് ചൊവ്വാഴ്ച വിതരണം നിര്‍ത്തിയത്. സ്വീഡനില്‍ വാക്സിന്‍ സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയതോടെയാണ് തീരുമാനം.
വാക്സിന്‍ സ്വീകരിച്ചവരില്‍ പാര്‍ശഫലങ്ങള്‍ കണ്ടതിനാല്‍ മുമ്പ് ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ ഈ വാക്സിന്‍ നല്‍കുന്നത് നിര്‍ത്തിയിരുന്നു. കമ്പനിയും അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണ സമിതികളും വാക്സിന്‍ സുരക്ഷിതമാണെന്ന് പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളില്‍ വാക്സിന്‍ നല്‍കുന്നത് തുടരുന്നുമുണ്ട്. പാര്‍ശ്വഫലങ്ങള്‍ സംബന്ധിച്ച് ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ഇന്തോനേഷ്യ വാക്സിന്‍ വിതരണം നിര്‍ത്തിയിരുന്നു.
അതേ സമയം, ചൈനയില്‍ അടിയന്തര ഉപയോഗത്തിനായി ഒരു വാക്സിന് കൂടി അനുമതി. അവിടെ അനുമതി നല്‍കിയ അഞ്ചാമത്തെ വാക്സിനാണിത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ മേധാവിയുടെ നേതൃത്വത്തിലാണ് വികസിപ്പിച്ചത്.
വിതരണത്തെ ബാധിച്ചിട്ടില്ല: ഡബ്ല്യുഎച്ച്ഒ
കൂടുതല്‍ രാജ്യങ്ങള്‍ വാക്സിന്‍ വിതരണം നിര്‍ത്തിവച്ചെങ്കിലും ആഗോളതലത്തില്‍ അസ്ട്രസെനകയുടെ വാക്സിന്‍ വിതരണത്തെ അത് ബാധിച്ചിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ. കോവാക്സ് വഴി വിതരണം ചെയ്ത ഇന്ത്യയിലും ദക്ഷിണ കൊറിയയിലും നിര്‍മിക്കുന്ന അസ്ട്രാ സെനകയുടെ വാക്സിന്‍ ദരിദ്രരാജ്യങ്ങളിലേക്കടക്കം കയറ്റി അയക്കുന്നുണ്ട്. എന്നാല്‍, പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് യൂറോപ്പില്‍ നിര്‍മിച്ച വാക്സിനിലാണ്.
ലോകത്ത് 30 കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞതായി ഡബ്ല്യുഎച്ച്ഒയുടെ ചീഫ് സയിന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. എവിടെയും വാക്സിന്‍ ഉപയോഗം മരണകാരണമായതായി സ്ഥിരീകരിച്ചിട്ടില്ല. രക്തം കട്ടപിടിച്ചതായി കണ്ടെത്തിയവരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണെന്നും അവര്‍ പറഞ്ഞു.



