പരപ്പനങ്ങാടിയിലെ കിഡ്നി രോഗികളുടെ വർധന; ശാസ്ത്രീയ പഠനത്തിന് നിർദ്ദേശം

പരപ്പനങ്ങാടി: നഗരസഭയിലെ തീരദേശ മേഖലകളിൽ കിഡ്നി രോഗികളുടെ എണ്ണം ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അടിയന്തര ഇടപെടൽ. സി.പി.ഐ പരപ്പനങ്ങാടി ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച്, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ), മഞ്ചേരി മെഡിക്കൽ കോളേജ് എന്നിവയുമായി സഹകരിച്ച് പ്രദേശത്ത് സമഗ്രമായ ആരോഗ്യ സർവേയും ശാസ്ത്രീയ പഠനവും നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരപ്പനങ്ങാടിയിലെ തീരദേശ വാസികൾക്കിടയിൽ കിഡ്നി സംബന്ധമായ രോഗങ്ങൾ കുത്തനെ ഉയരുന്നതായി കണ്ടെത്തിയിരുന്നു. ഒരു ചെറിയ പ്രദേശത്ത് ഒരേ സ്വഭാവത്തിലുള്ള ഗുരുതര രോഗങ്ങൾ കൂട്ടത്തോടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് വലിയ ആരോഗ്യ പ്രതിസന്ധിയായി മാറുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ ലോക്കൽ കമ്മിറ്റി മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകിയത്.

കുടിവെള്ളത്തിലെ ലവണാംശം, ഭൂഗർഭജല മലിനീകരണം, രാസപദാർത്ഥങ്ങളുടെ സാന്നിധ്യം എന്നിവ രോഗബാധയ്ക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഇപ്പോൾ സർക്കാർ തലത്തിൽ അന്വേഷണത്തിന് ഉത്തരവായിരിക്കുന്നത്. വരും ദിവസങ്ങളിൽ മെഡിക്കൽ വിദഗ്ധരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധനകൾ ആരംഭിക്കും.

രോഗബാധിതർക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങളും സൗജന്യ ഡയാലിസിസ് സംവിധാനങ്ങളും ഉറപ്പാക്കണമെന്നും, കുടിവെള്ള സ്രോതസ്സുകൾ ശാസ്ത്രീയമായി പരിശോധിക്കണമെന്നും ലോക്കൽ സെക്രട്ടറി സകരിയ കേയി ആവശ്യപ്പെട്ടു. സമയബന്ധിതമായ ഈ ഇടപെടലിലൂടെ രോഗവ്യാപനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനാകുമെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ സാധിക്കുമെന്നുമാണ്   കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top