നടനും സംവിധായകുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്. 2022ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങള്‍ ആരാഞ്ഞാണ് നോട്ടീസ് അയച്ചത്.
2022ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ്, കടുവ, ജനഗണമന എന്നീ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങള്‍ തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഈ ചിത്രങ്ങളില്‍ അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍, സഹനിര്‍മ്മാതാവ് എന്ന നിലയില്‍ നാല്‍പ്പത് കോടിയോളം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു.
നികുതി വെട്ടിപ്പിന്റെ ഭാഗമായാണോ ഇതെന്നാണ് വകുപ്പ് അന്വേഷിക്കുന്നത്. താരതമ്യേന സഹനിര്‍മ്മാതാവ് അടയ്‌ക്കേണ്ട നികുതി തുക അഭിനേതാവിനേക്കാള്‍ കുറവാണ്. 2022ല്‍ ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായാണ് മാര്‍ച്ച് 29ന് നോട്ടീസ് അയച്ചതെന്നും, സ്വഭാവിക നടപടിയാണെന്നുമാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്. ഏപ്രില്‍ 29നകം പ്രതിഫലം സംബന്ധിച്ച് പൃഥ്വിരാജ് വിശദീകരണം നല്‍കണം.
എമ്പുരാന്‍ വിവാദങ്ങള്‍ക്കിടെയാണ് പൃഥ്വിരാജിന് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ എമ്പുരാനുമായി നോട്ടീസിന് ബന്ധമില്ലെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം എമ്പുരാന്‍ ചിത്രത്തിന്റെ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.




