എടപ്പാള്‍ ടൗണില്‍ പൊട്ടിത്തെറി ഉണ്ടായ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പൊന്നാനി പള്ളപ്രം സ്വദേശി വിഷ്ണു, വെളിയംകോട് അയ്യോട്ടിച്ചിറ സ്വദേശി ജംഷീര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ മദ്യ ലഹരിയില്‍ ആണ് ഗുണ്ട് പൊട്ടിച്ചത്. സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടി കൂടിയത്.
എടപ്പാള്‍ മേല്‍പ്പാലത്തിന് താഴെ റൗണ്ട് എബൗട്ടില്‍ കഴിഞ്ഞ ദിവസമാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടായത്. പൊട്ടിത്തെറിയെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ബോംബ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ പിടിയിലായത്. ദുരുദ്ദേശത്തോടെ ചെയ്ത പ്രവര്‍ത്തിയല്ലെന്നാണ് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നഗരമധ്യത്തിലുണ്ടായ സ്‌ഫോടനം വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.
എടപ്പാളില്‍ തിരക്കേറിയ ട്രാഫിക് റൗണ്ടിലാണ് രാത്രി പടക്കം പൊട്ടിച്ചു പ്രതികള്‍ കടന്നു കളഞ്ഞത്. പട്ടാമ്പി റോഡിലെ പടക്ക കടയില്‍ നിന്നാണ് ഇവര്‍ ഗുണ്ട് വാങ്ങിയത്.




