
കടലുണ്ടി : മണ്ണൂര്‍ വടക്കുമ്പാട്ട് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതിയെ കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം. റെയിലോരത്തുള്ള വീട്ടില്‍ മോഷണം നടത്തിയ പ്രതി റെയില്‍പാളം വഴി നടന്നു ഫറോക്കിലോ കടലുണ്ടിയിലോ എത്തി ട്രെയിന്‍ മാര്‍ഗം കടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണു പ്രത്യേക അന്വേഷണ സംഘം.
റെയില്‍വേ സ്റ്റേഷനുകളുടെ പരിസരങ്ങളിലെ സിസിടിവി പൊലീസ് പരിശോധിച്ചു വരികയാണ്. മോഷണം നടന്ന വീടിന്റെ പരിസരങ്ങളിലെ വീടുകളില്‍നിന്നു പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇതിനാലാണ് റെയില്‍ പാളത്തിലൂടെ നടന്നു പോയിട്ടുകാമെന്ന സംശയം ബലപ്പെട്ടത്.
അതേസമയം, മോഷണം നടത്തിയ വീടിന് അകലെ എവിടെയെങ്കിലും വാഹനം നിര്‍ത്തി നടന്നെത്തി പോകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. മണ്ണൂര്‍ സിഎസ്‌ഐ പള്ളിക്കു സമീപം പറമ്പില്‍ വീട്ടില്‍ എടക്കുത്ത് ഉമ്മര്‍കോയയുടെ വീട്ടിലാണു കഴിഞ്ഞ രാത്രി മോഷണം നടന്നത്. 20 പവനും 1.15 ലക്ഷം രൂപയുമാണു നഷ്ടമായത്.
മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നു താഴത്തെയും മുകള്‍ നിലയിലെയും അലമാരകളില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചെങ്കിലും കള്ളന്റെ വിരലടയാളം ലഭിച്ചിട്ടില്ല. വീട്ടിനകത്തു മുളകുപൊടി വിതറിയതിനാല്‍ പൊലീസ് നായയ്ക്ക് മണം പിടിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടായി.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ.എം.സിദ്ദിഖിന്റെ കീഴിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സമീപകാലത്ത് ജയില്‍മോചിതരായ മോഷണക്കേസ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ഒലിപ്രംകടവ് കോമരപ്പടിയിലുള്ള മകളുടെ വീട്ടില്‍ നോമ്പുതുറ സല്‍ക്കാരത്തിനു വീട് അടച്ചു പോയതാണ് ഉമ്മര്‍കോയയും കുടുംബവും. വെള്ളി രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



