എടിഎമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍ മുസ്ലീം ലീഗ് അംഗം ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

മലപ്പുറം: എടിഎമ്മുകളില്‍ നിക്ഷേപിക്കാനുള്ള പണം തട്ടിയെടുത്ത കേസില്‍
മുസ്ലീം ലീഗ് അംഗം ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. എടിഎം
കൗണ്ടറുകളില്‍ നിക്ഷേപിക്കാനുള്ള 1,59,82,000 രൂപ തട്ടിയ നാല് സ്വകാര്യ
ഏജന്‍സി ജീവനക്കാരാണ് അറസ്റ്റിലായത്.

മുസ്ലിംലീഗ് പ്രവര്‍ത്തകനും ഊരകം പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗവുമായ
എന്‍ ടി ഷിബു (31), കോഡൂര്‍ ചട്ടിപ്പറമ്പ് സ്വദേശി എം പി ശശിധരന്‍ (32),
മഞ്ചേരി മുള്ളമ്പാറ എം ടി മഹിത്ത് (33), അരീക്കോട് ആശാരിപ്പടി കൃഷ്ണരാജ്
(28) എന്നിവരാണ് പിടിയിലായത്. മുംബൈ ആസ്ഥാനമായ സിഎംഎസ് ഇന്‍ഫോ
സിസ്റ്റത്തിലെ ജീവനക്കാരാണ് ഇവര്‍. ഏജന്‍സിയുടെ പരാതിയിലാണ് അറസ്റ്റ്.
ജൂണ്‍ മുതല്‍ നവംബര്‍ വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ 13 എടിഎമ്മുകളില്‍
നിറയ്ക്കാന്‍ നല്‍കിയ പണത്തിലാണ് വെട്ടിപ്പ്.

എസ്ബിഐ, ഐസിഐസിഐ, ഐഡിബിഐ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആക്‌സിസ്, കനറാ,ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ എടിഎമ്മുകളിലേക്കുള്ള തുകയുടെ രുഭാഗമാണ് കൈക്കലാക്കിയത്. അനുവദിച്ച തുകയിലും എടിഎമ്മുകളില്‍ നിറച്ച പണത്തിലും വലിയ വ്യത്യാസം ഓഡിറ്റില്‍ കണ്ടെത്തിയതോടെ ഏജന്‍സി പരാതിനല്‍കി.

പ്രതികള്‍ക്ക് അഞ്ചുവര്‍ഷമായി ഈ മേഖലയിലാണ് ജോലിയെന്നും മുമ്പ് ഇത്തരം
തട്ടിപ്പുണ്ടായോ എന്നത് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. മലപ്പുറം സിഐ
ജോബി തോമസ്, എസ്‌ഐ എം അമീറലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Share news
error: Content is protected !!
Scroll to Top