കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ പാലക്കാട് തീവണ്ടി പാതയില്‍ തീവണ്ടി തട്ടി മൂന്ന് കാട്ടാനകള്‍ ചരിഞ്ഞു. വാളയാറിനും എട്ടിമടയ്ക്കും ഇടയിലുള്ള തങ്കവേല്‍ കാട്ടുമൂല എന്ന സ്ഥലത്താണ് ആനകളെ തീവണ്ടി തട്ടിയത്. രാത്രി 9.05ഓടെ എത്തിയ 12602 മംഗലാപുരം ചെന്നൈ മെയിലാണ് അപകടത്തിനിടയാക്കിയത്. ഇരുപത്തഞ്ച് വയസ്സ് തോന്നിക്കുന്ന പിടിയാനയും രണ്ടു കുട്ടിയാനകളുമാണ് ചരിഞ്ഞത്.
വാളയാര്‍ ദേശീയ പാതയ്ക്ക് സമാന്തരമായി കടന്നുപോകുന്ന എ ലൈന്‍ ട്രാക്കിലാണ് അപകടം. സാധാരണ കാട്ടാനകള്‍ എ ലൈനിലും ബി ലൈനിലും ഇടയില്‍ മുറിച്ചു കടക്കാറുള്ള മേഖലയാണ്. ഒരാന ട്രാക്കിലും മറ്റ് രണ്ടും ട്രാക്കിന് വശത്തും ആയാണ് വീണത്. ആനകള്‍ സംഭവസമയത്ത് തന്നെ ചെരിഞ്ഞിരുന്നു.
സംഭവസ്ഥലത്ത് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ എത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ട്രാക്കില്‍ ഉള്ള ആനയുടെ ജഡം മാറ്റിയശേഷം മാത്രമാണ് എ ലൈനില്‍ കൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കുക.അതുവരെ ബി ലൈനിലൂടെ കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ കടത്തിവിടും.




