ബംഗ്ലാദേശില്‍ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക: ബംഗ്ലാദേശിലെ നൊബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും. ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് സമ്മതമറിയിച്ചുവെന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളി ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടി മേധാവി ബീഗം ഖാലിദ സിയയെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. ഇടക്കാല സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യൂനുസിന്റെ നേതൃത്വത്തില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്നായിരുന്നു പ്രക്ഷോഭം നയിക്കുന്ന വിദ്യാര്‍ഥി നേതാക്കളുടെ ആവശ്യം.

ഷെയ്ഖ് ഹസീനയെ പുറത്താക്കിയ ബംഗ്ലാദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളും സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കി. അഴിമതിക്കേസുകളില്‍ ജയിലായിരുന്ന ഷെയ്ഖ് ഹസീനയുടെ മുഖ്യ രാഷ്ട്രീയ എതിരാളിയും മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി നേതാവ് ബീഗം ഖാലിദ സിയയെ മോചിപ്പിച്ചതായും പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവന്‍ പേരെയും ജയില്‍ മോചിതരാക്കുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.

വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് സ്വീകാര്യനായ സമാധാന നോബേല്‍ ജേതാവ് മുഹമ്മദ് യൂനുസ് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവാകാന്‍ സമ്മതമറിയിച്ചിട്ടുണ്ട്. ചികിത്സാര്‍ത്ഥം പാരിസിലുള്ള യൂനുസ് വൈകാതെ ബംഗ്ലാദേശിലെത്തും. ഷെയ്ഖ് ഹസീനയ്ക്ക് യു കെ രാഷ്ട്രീയ അഭയം നല്‍കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

ആദ്യമെത്തിയ സുരക്ഷിത രാജ്യം ഏതാണോ അവിടെ തന്നെ തുടരുന്നതായിരിക്കും നല്ലതെന്നാണ് യുകെ ആഭ്യന്തര വകുപ്പ് വക്താവ് ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞത്. വക്താവ് ഇങ്ങനെ പറയുമ്പോഴും ഔദ്യോഗികമായി രാഷ്ട്രീയ അഭയം തേടാനുള്ള നടപടികള്‍ പിന്നണിയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top