ഇടുക്കി : തൊടുപുഴ കരിമണ്ണൂരില്‍ പ്രസവിച്ച ഉടന്‍ നവജാത ശിശുവിനെ അമ്മ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പടുത്തി. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. യുവതിയെയും ഭര്‍ത്താവിനെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ആശുപത്രിയിലെത്തിയത്. യുവതി മണിക്കൂറുകള്‍ മുമ്പ് പ്രസവിച്ചിരുന്നതായും അത് മൂലമുള്ള രക്തസ്രാവമാണെന്നും പരിശോധിച്ച ഡോക്ടര്‍ കണ്ടെത്തി. കുഞ്ഞിനെ അന്വേഷിച്ച ആശുപത്രി അധികൃതരോട് പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവതി പറഞ്ഞത്. ഇതോടെ പൊലീസില്‍ വിവരമറിയിക്കുമെന്ന് അറിയിച്ചതോടെ കുഞ്ഞ് മരിച്ച് പോയെന്നും മൃതദേഹം വീട്ടിലുണ്ടെന്നും യുവതി സമ്മതിച്ചു. പൊലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്.
ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ മറച്ച് വെച്ചിരുന്നുവെന്നാണ് നാട്ടുകാരും അറിയിച്ചത്. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടില്‍ പരിശോധന നടത്തുകയാണ്.




