HIGHLIGHTS : If you attack, you will retaliate: Iran, West Asia is afraid of war
മനാമ: ഇസ്രയേലുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ അവരുടെ ഏതൊരു തുടര്‍നടപടികളോടും ശക്തമായി പ്രതികരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യന്‍. ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു ഇറാന്‍ പ്രസിഡന്റ്. ഇസ്രായേലിലേക്ക് ഇറാന്‍ 180 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തര്‍ സന്ദര്‍ശനം.
‘ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ വിയോജിക്കുകയാണെങ്കില്‍ സമാധാനം സ്ഥാപിക്കപ്പെടില്ല. ഇറാന്റെയും മേഖലയുടെയും സമാധാനവും സുരക്ഷയും ലക്ഷ്യമിട്ട് ശക്തമായി പ്രതികരിക്കും’– ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് സര്‍ക്കാര്‍ അതിന്റെ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍, കടുത്ത പ്രതികരണങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി കൂടിക്കാഴ്ച നടത്തിയ ഇറാന്‍ പ്രസിഡന്റ് ദോഹയില്‍ സംയുക്ത വാര്‍ത്താസമ്മേളനവും നടത്തി. ലബനനും ഗാസ മുനമ്പിനുമെതിരായ ഇസ്രയേലിന്റെ ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിച്ചു.
പ്രദേശത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്നത് ഒഴിവാക്കാന്‍ ഇസ്രയേലിന്മേല്‍ സമ്മര്‍ദം ചെലുത്താന്‍ പെസെഷ്‌ക്യന്‍ അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. ദോഹയില്‍ ഹമാസ് നേതാക്കളുമായും സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായും പെസെഷ്‌ക്യന്‍ കൂടിക്കാഴ്ച നടത്തി. ദോഹയില്‍ നടക്കുന്ന ഏഷ്യ കോ-ഓപ്പറേഷന്‍ ഡയലോഗ് ഉച്ചകോടിയില്‍ ഇറാന്‍ പ്രസിഡന്റ് പങ്കെടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു