വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ 127 ഹെക്ടര്‍ ഏറ്റെടുക്കും

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃകാ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് 127.11 ഹെക്ടര്‍. കല്‍പ്പറ്റ നഗരത്തോടുചേര്‍ന്നുള്ള എല്‍സ്റ്റണ്‍ എസ്റ്റേറ്റും മേപ്പാടി ടൗണില്‍നിന്ന് ആറ് കിലോമീറ്റര്‍ ദൂരെയുള്ള നെടുമ്പാല എസ്റ്റേറ്റും ഏറ്റെടുക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.

ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ ഏറ്റവും അനുയോജ്യമാണെന്ന് കണ്ടെത്തിയത് വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 28, സര്‍വേ നമ്പര്‍ 366) നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടര്‍ ഭൂമിയും കല്‍പ്പറ്റ വില്ലേജില്‍ (ബ്ലോക്ക് നമ്പര്‍ 19, സര്‍വേ നമ്പര്‍ 881) എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമിയുമാണ്. ഇത് ആകെ 144. 14 ഏക്കര്‍ വരും.

ഇരുസ്ഥലവും വിദഗ്ധസംഘം പരിശോധിച്ച് ടൗണ്‍ഷിപ്പിന് അനുയോജ്യമാണെന്ന് സര്‍ക്കാരിന് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയതാണ്. രണ്ടും തേയില എസ്റ്റേറ്റുകളാണ്. കാസര്‍കോട് സ്വദേശികളുടേതാണ് എല്‍സ്റ്റണ്‍. ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റേതാണ് നെടുമ്പാലയിലെ തോട്ടം.എല്‍സ്റ്റണിലെ 78.73 ഹെക്ടറില്‍ 10.42 ഹെക്ടറില്‍ താമസക്കാരുണ്ട്. ഇതൊഴിച്ചുള്ള ഭൂമിയാണ് ഏറ്റെടുക്കുക. 23.49 ഹെക്ടറാണ് വീട് നിര്‍മാണത്തിന് അനുയോജ്യമായി കണ്ടെത്തിയത്. ബാക്കി ഭൂമി സ്‌കൂളിനും ടൗണ്‍ഷിപ്പിന്റെ മറ്റ് ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കും.

നെടുമ്പാലയില്‍ 65.41 ഹെക്ടറുള്ളതില്‍ 6.61 ഹെക്ടറില്‍ താമസക്കാരുണ്ട്. ഇതൊഴിച്ചാകും ഏറ്റെടുക്കല്‍. 20.99 ഹെക്ടറാണ് വീടുവയ്ക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തിയത്. ബാക്കി ഭൂമി ടൗണ്‍ഷിപ്പിന് ഉപയോഗിക്കും. ദുരന്തനിവാരണ നിയമം 2005 പ്രകാരം കൈവശം ഏറ്റെടുക്കാനാണ് മന്ത്രിസഭ അനുമതി നല്‍കിയത്.

രണ്ടിടത്തും സര്‍വേ പൂര്‍ത്തിയായി. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴില്‍ പ്രശ്നമുണ്ട്. കൂലിയും ആനുകൂല്യങ്ങളും നല്‍കാത്തതിനാല്‍ തൊഴിലാളികള്‍ സമരത്തിലായതിനാല്‍ തോട്ടം അടച്ചിട്ടിരിക്കുകയാണ്. തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിച്ചാകും ഏറ്റെടുക്കല്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top