Section

malabari-logo-mobile

IDSFFK രാജ്യത്തെ ചലച്ചിത്രകാരന്മാര്‍ ഉറ്റുനോക്കുന്ന മേളയായി മാറിയെന്ന് മന്ത്രി സജി ചെറിയാന്‍, പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് തിരശ്ശീലയുയര്‍ന്നു

HIGHLIGHTS : IDSFFK's 15th International Documentary and Short Film Festival kicks off.

ആറു ദിവസം നീളുന്ന പതിനഞ്ചാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയ്ക്ക് (IDSFFK) തിരുവനന്തപുരത്ത് വെള്ളിയാഴ്ച തുടക്കമായി. കൈരളി തിയേറ്ററില്‍ വൈകിട്ട് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മേള ഉദ്ഘാടനം ചെയ്തു. 15 വര്‍ഷം കൊണ്ട് രാജ്യത്തെ ചലച്ചിത്രകാരന്മാര്‍ ഉറ്റുനോക്കുന്ന മേളയായി കേരളത്തിന്റെ രാജ്യാന്തര ഡോക്യുമെന്റി ഹ്രസ്വചിത്രമേള മാറിയെന്നു അദ്ദേഹം പറഞ്ഞു. ചില ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിയമപോരാട്ടങ്ങള്‍ തന്നെ ചലച്ചിത്ര അക്കാദമിക്കു നടത്തേണ്ടി വന്നു. ജെ.എന്‍.യു സമര പശ്ചാത്തലത്തില്‍ വിഷയമായ ചിത്രത്തിനും ആനന്ദ് പട്വര്‍ദ്ധന്റെ ‘റീസണ്‍’ എന്ന ചിത്രത്തിനും ഹൈക്കോടതിയില്‍ പോയി അനുമതി വാങ്ങിയാണ് മുന്‍ വര്‍ഷങ്ങളിലെ മേളകളില്‍ പ്രദര്‍ശിപ്പിച്ചത്. ചലച്ചിത്രകാരന്മാരുടെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും കൂടി പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുന്ന ജനാധിപത്യ വേദിയാണ് മേളയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സമഗ്ര സിനിമാ നയം തയ്യാറാക്കുന്നതിന്റെ ഭാഗമായി സിനിമയുടെ എല്ലാ മേഖലയില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തി രണ്ടു ദിവസത്തെ കോണ്‍ക്ലവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജെസി ഡാനിയേല്‍ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി.വി ചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആമുഖ പ്രസംഗം നടത്തി.

sameeksha-malabarinews

ഫെസ്റ്റിവല്‍ കാറ്റലോഗ് ടി.വി ചന്ദ്രന്‍, ഫിക്ഷന്‍ വിഭാഗം ജൂറി ചെയര്‍മാന്‍ കനു ബേലിനു നല്‍കിയും ഡെയ്ലി ബുള്ളറ്റിന്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, നടിയും ജൂറി അംഗവുമായ തിലോത്തമ ഷോമിന് നല്‍കിയും പ്രകാശനം ചെയ്തു.

കനു ബേല്‍, ഷാജി എന്‍ കരുണ്‍, തിലോത്തമ ഷോം, സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘സെവന്‍ വിന്റേഴ്‌സ് ഇന്‍ ടെഹ്‌റാന്‍’ പ്രദര്‍ശിപ്പിച്ചു. പീഡനശ്രമത്തിനിടെ സ്വരക്ഷയ്ക്കായി അക്രമിയെ കൊല ചെയ്യേണ്ടി വന്ന ഇറാനിയന്‍ വനിത റെയ്ഹാന ജബ്ബാറിയുടെ കഥ പറഞ്ഞ ഈ പേര്‍ഷ്യന്‍ ഡോക്യുമെന്ററി നിറഞ്ഞ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

44 രാജ്യങ്ങളില്‍ നിന്നായി നവാഗതര്‍ ഉള്‍പ്പെടെയുള്ള സംവിധായകരുടെ അതിശക്തമായ കാലികപ്രസക്തിയുള്ള പ്രമേയങ്ങളുള്‍ക്കൊള്ളുന്ന ചിത്രങ്ങളാണ് ഇത്തവണത്തെ മേളയെ സമ്പുഷ്ടമാക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ ‘ഓള്‍ ദാറ്റ് ബ്രീത്സ്’ ഉള്‍പ്പെടെ രാജ്യാന്തര മേളകളില്‍ ബഹുമതികള്‍ നേടിയ ചിത്രങ്ങള്‍ വിരുന്നൊരുക്കുന്ന മേള 78 ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനത്തിനും വേദിയാകും. 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

അനിമേഷന്‍, ഹോമേജ്, ജൂറി ഫിലിം, മ്യൂസിക് വീഡിയോ, ക്യാമ്പസ് ഫിലിം, ഫോക്കസ് ഷോര്‍ട്ട് ഡോക്യുമെന്ററി, ഫോക്കസ് ലോങ്ങ് ഡോക്യുമെന്ററി, ഇന്റര്‍നാഷണല്‍ തുടങ്ങി 23 വിഭാഗങ്ങളിലെ ചിത്രങ്ങള്‍ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി രാവിലെ 9 മുതല്‍ പ്രദര്‍ശിപ്പിക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!