HIGHLIGHTS : 'I am alive; Misled K Sudhakaran'; PC George
കോട്ടയം: ചലച്ചിത്രകാരന്‍ കെജി ജോര്‍ജിന്റെ വിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തോട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ പരാമര്‍ശം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ‘ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു’ എന്നാണ് സുധാകരന്‍ പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖമുണ്ടെന്നും സുധാകരന്‍ പറഞ്ഞു. സുധാകരന് ആളു മാറിയതാണെന്നും, പിസി ജോര്‍ജിനെ കുറിച്ചാണ് പ്രതികരിച്ചത് എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം പറയുന്നത്. ഇതിന് പിന്നാലെ പ്രതികരണവുമായി പിസി ജോര്‍ജ് രംഗത്തെത്തി.
താന്‍ ജീവിച്ചിരിപ്പുണ്ടെന്നും താന്‍ മരിച്ചെന്ന് ആരോ സുധാകരനെ തെറ്റിധരിപ്പിക്കുകയായിരുന്നെന്നാണ് പിസി ജോര്‍ജിന്റെ പ്രതികരണം. ‘ഞാന്‍ ജീവിച്ചിരിപ്പുണ്ട്. പ്രിയങ്കരനായ സുധാകരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ച് ഞാന്‍ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ദുഃഖത്തോടെയുള്ള സംസാരം കേള്‍ക്കാനിടയായി. ഞാനപ്പോള്‍ പള്ളിയില്‍ കുര്‍ബാന കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ആളുകള്‍ ഓടി വന്ന് എന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ഇറങ്ങി വന്നത്. സുധാകരനെ പോലെ മാന്യനായ നേതാവിനെ ഇങ്ങനെ തെറ്റിധരിപ്പിക്കുന്ന വ്യക്തികള്‍ ശരിയാണോ ഈ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ഏതായാലും വളരെ നന്ദി. നല്ല മനുഷ്യനാണ് സുധാകരന്‍ അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുത്’- പിസി ജോര്‍ജ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു