ഗൃഹപ്രവേശനത്തിനെത്തിയവര്‍ ആനയുടെ ചവിട്ടേറ്റു മരിച്ചു;മരിച്ചത് ഖത്തറില്‍ ജോലി ചെയ്യുന്ന മലയാളികള്‍

ഗുരുവായൂര്‍: വിരണ്ടോടിയ ആനയുടെ ചിവിട്ടേറ്റ് രണ്ടുപേര്‍ മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് പാലകുളങ്ങര നിഷാ നിവാസിലെ പറശിനിക്കടവു നണിശേരി സ്വദേശി പട്ടേരി നാരായണന്‍(ബാബു 66) കോഴിക്കോട് നരിക്കുനി മടവൂര്‍ വെള്ളാരംകണ്ടിയില്‍ അറയ്ക്കല്‍ വീട്ടില്‍ മുരുഗന്‍(60) എന്നിവരാണ് മരിച്ചത്. നാരായണന്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മുരുഗന്‍ രാത്രി ഏഴരയോടെ തൃശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

നാരായണന്‍ ഖത്തറിലെ അല്‍സദ് എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജരാണ്. മുരുഗന്‍ ഖത്തറില്‍ തന്നെ ജോലി ചെയ്തുവരികയാണ്. രണ്ടുപേരും ഖത്തറില്‍ ജോലി ചെയ്യുന്ന കോട്ടപ്പടി മുള്ളത്തു ഷൈജുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഷൈജുവിന്റെ പുതിയ വീട്ടില്‍ നിന്നും ആനയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാമെന്ന് വഴിപാടുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ആനയെ വീട്ടിന്റെ മുന്നില്‍ നിര്‍ത്തി ഇതിനിടയില്‍ പടക്കം പൊട്ടിച്ചപ്പോള്‍ ആന ഭയന്ന് വിരണ്ടോടുകയായിരുന്നു. ഇടുങ്ങിയ വഴിയിലൂടെ ആന ഓടുകയായിരുന്നു. ഈ വഴിയിലാണ് മുരുഗനും നാരായണനും നിന്നിരുന്നത്. വീണുപോയ ഇരുവരെയും ആന ചവിട്ടുകയായിരുന്നു. സമീപത്ത് നിന്നിരുന്ന വാദ്യക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റോഡിലേക്കിറങ്ങിയ ആനയെ പാപ്പാന്‍മാര്‍ ഉടന്‍ തന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു.

നാരായണന്‍ പട്ടേരിയുടെ ഭാര്യ: ബേബി നിഷ. മക്കള്‍:ഡോ.നീന(കണ്ണൂര്‍ ജില്ലാ ആശുപത്രി), റിനു. മരുമന്‍:ഡോ.വിശാല്‍(കണ്ണൂര്‍ ജില്ലാ ആശുപത്രി). മുരുഗന്റെ ഭാര്യ ശ്യാമള.

സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.

ഫോട്ടോ കടപ്പാട് മനോരമ

Share news
error: Content is protected !!
Scroll to Top