പത്തനംതിട്ടയില്‍ ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ ഫ്രൈ കിട്ടാന്‍ വൈകിയതിന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ യുവാവിന്റെ മര്‍ദ്ദനം. ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. റാന്നി സ്വദേശി ജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹോട്ടലിലേക്ക് ചിക്കന്‍ ചോദിച്ചുവന്ന റാന്നി സ്വദേശി ജിതിനും രണ്ട് കൂട്ടുകാരും ചേര്‍ന്നാണ് അക്രമം നടത്തിയത്. ജിതിനെ മാത്രമാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകുന്നേരം ജിതിനും കൂട്ടുകാരും ചേര്‍ന്ന് ഹോട്ടലില്‍ എത്തി, അവിടെ വച്ച് ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ടു. ജീവനക്കാര്‍ 25 മിനിറ്റ് സമയം വേണം എന്ന് മറുപടി നല്‍കി. തുടര്‍ന്ന് ജിതിനും കൂട്ടുകാരും പുറത്ത് പോയി 10 മിനിറ്റ് കഴിഞ്ഞ് തിരിച്ചു വന്നു ചിക്കന്‍ ഫ്രൈ ആവശ്യപ്പെട്ടു.
അപ്പോള്‍ ജീവനക്കാര്‍ 25 മിനിറ്റാണ് പറഞ്ഞതെന്ന് വീണ്ടും ഓര്‍മിപ്പിക്കുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ജീവനക്കാരനെ കഴുത്തിന് പിടിച്ച് ആക്രമിച്ചു. ഇതിന് പിന്നാലെ ബംഗാള്‍ സ്വദേശികളായ മൂന്ന് പേരെയും ആക്രമിക്കുന്നു. ബഹളം അറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ ജിതിനും കൂട്ടുകാരും പുറത്തേക്ക് ഓടി.
ജിതിനെ പൊലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.



