കോലഞ്ചേരി: ഹോസ്റ്റലില്‍ ഒപ്പം കഴിയുന്ന വിദ്യാര്‍ത്ഥിനികളുടെ നഗ്നചിത്രങ്ങള്‍ കാമുകനും മറ്റ് സുഹൃത്തുകള്‍ക്കും വാട്‌സ്പ്പിലൂടെ വിദ്യാര്‍ത്ഥിനി അയച്ചു കൊടുത്തു. സംഭവത്തില്‍ വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ യൂത്ത് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.
വരിക്കോലി കെമിസ്റ്റ് ഫാര്‍മസി കോളേജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിക്കെതിരെ കഴിഞ്ഞദിവസമാണ് സഹപാഠികള്‍ യൂത്ത് കമ്മീഷന് പരാതി നല്‍കിയത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥിനികള്‍ യൂത്ത് കമ്മീഷന് പരാതി നല്‍കിയത്.
ഹോസ്റ്റലില്‍ നിന്ന് രഹസ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ആരുമറിയാതെ കാമുകനടക്കം നിരവധിപേര്‍ക്ക് അയച്ചു കൊടുക്കുകായിരുന്നു. സംശയം തോന്നിയ വിദ്യാര്‍ത്ഥിനികള്‍ ഫോണ്‍ പരിശോധിക്കുകയും ഈ ഫോണടക്കം പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പല്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും എടുത്തില്ല. കോളേജ് മാനേജ് മെന്റിനോട് അടുത്ത ബന്ധമുള്ള ആളുടെ മകളായതിനാലാണ് നടപടിയെടുക്കാത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.



