Section

malabari-logo-mobile

വീടുകള്‍ക്ക് അകത്ത് സമഭാവനയുടെ അന്തരീക്ഷം വേണം: അഡ്വ. പി. സതീദേവി

HIGHLIGHTS : Homes need an atmosphere of empathy: Adv. P. Sati Devi

കോഴിക്കോട് :ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വീടുകളില്‍ സമഭാവനയോടെ വളര്‍ത്തണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.

സമഭാവനയുടെ അന്തരീക്ഷം വീടുകളില്‍ ഉണ്ടാകണം. കുടുംബാംഗങ്ങള്‍ തമ്മില്‍ കൂട്ടായ ചര്‍ച്ചകള്‍ നടക്കണം. ഇത്തരം ചര്‍ച്ചകളില്‍ വീട്ടിലെ സ്ത്രീകള്‍ക്ക് അഭിപ്രായം പറയാന്‍ കഴിയണം. അച്ഛന്റെയും അമ്മയുടെയും വിഷമങ്ങള്‍ മൂടിവയ്ക്കാതെ മക്കളുമായി പങ്കുവയ്ക്കണം. മാതാപിതാക്കളുടെ വിഷമങ്ങള്‍ അറിഞ്ഞു വളര്‍ന്നെങ്കിലേ മക്കള്‍ തിരിച്ചറിവുള്ളവരായി മാറുകയുള്ളു. ആരോഗ്യകരവും അനാരോഗ്യകരവുമായ ബന്ധങ്ങള്‍ തിരിച്ചറിയുന്നതിന് കുട്ടികളെ പ്രാപ്തരാക്കണം. കൗമാരകാലത്തു തന്നെ കരുത്തുറ്റ മനസിന്റെ ഉടമകളായി കുട്ടികളെ മാറ്റിയെടുക്കണം. പ്രതിസന്ധികളെ നേരിടുന്നതിന് ഇത് അവരെ സജ്ജരാക്കും. നിലവിലുള്ള നിയമങ്ങളെ കുറിച്ച് കൃത്യമായ ധാരണ എല്ലാവര്‍ക്കുമുണ്ടാകണം. സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ക്കെതിരേ പ്രതികരിക്കാനുള്ള ശേഷി പുതിയ തലമുറയ്ക്കുണ്ടാകണം.
കേരളത്തെ നൂറ്റാണ്ടിനു പിന്നിലെ അവസ്ഥയിലേക്ക് മടക്കി കൊണ്ടു പോകാന്‍ ഛിദ്ര ശക്തികള്‍ നമുക്കു ചുറ്റും പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് തിരിച്ചറിവുണ്ടാകണം. സ്ത്രീകളോട് ക്രൂരത കാട്ടിയ സമൂഹമായിരുന്നു പഴയ കാലത്ത് കേരളത്തിലുണ്ടായിരുന്നത്. സ്ത്രീകളോടു ക്രൂരത കാട്ടിയിരുന്നവരെ ചോദ്യം ചെയ്ത പുരുഷന്മാരെ തെങ്ങോടു ചേര്‍ത്ത് കെട്ടി ചാട്ടവാറു കൊണ്ട് അടിച്ച ഒരു കാലഘട്ടം നമ്മുടെ സമൂഹത്തില്‍ ഉണ്ടായിരുന്നു. ചെയ്ത ജോലിക്ക് കൂലി ചോദിക്കാന്‍ അവകാശമില്ലായിരുന്നു. തൊഴിലാളികള്‍ക്ക് മുറ്റത്ത് കുഴി കുത്തിയാണ് കഞ്ഞിവെള്ളം നല്‍കിയിരുന്നത്. കേരളം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തി കൊണ്ടു പോകുന്നതിന് പഴയകാലം സംബന്ധിച്ച് തിരിച്ചറിവ് അനിവാര്യമാണ്. കേരളം കൈവരിച്ച എല്ലാ നേട്ടങ്ങള്‍ക്കു പിന്നിലും ജനകീയ ഇടപെടലും അടിത്തറയുമുണ്ട്. സമൂഹത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരുകയാണ് വനിതാ കമ്മിഷന്റെ ശ്രമം. കേരളത്തില്‍ നിലനില്‍ക്കുന്ന ഐക്യപ്പെടല്‍ മികച്ച നിലയില്‍ മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

sameeksha-malabarinews

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ കെ.കെ. ഇന്ദിര, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രജീന്ദ്രന്‍ കപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പുതിയോട്ടില്‍, വാണിമേല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മ രാജു, വാണിമേല്‍ പഞ്ചായത്ത് മെമ്പര്‍മാരായ ജാന്‍സി കൊടിമരത്തുംമൂട്ടില്‍, പി. ശാരദ, ബിഡിഒ ദേവിക രാജ്, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിച്ചു.

പട്ടികവര്‍ഗ മേഖലയിലെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്. സലീഷും ലഹരിയുടെ കാണാക്കയങ്ങള്‍ എന്ന വിഷയം റിട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് നൊച്ചാടും അവതരിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!