Section

malabari-logo-mobile

വീടും മനസും ‘നനച്ചുളിച്ച്’ വീട്ടമ്മമാര്‍ വിശുദ്ധ റമദാനെ വരവേല്‍ക്കാനൊരുങ്ങി

HIGHLIGHTS : Holy Ramadan has arrived

ഹംസ കടവത്ത്

ഹിജ്‌റ കലണ്ടറിലെ റമദാന്‍ മാസം വിശ്വാസിക് അഗ്‌നിശുദ്ധിയുടെ നാളുകളാണ് .റമദാന്‍ എന്ന വാക്കിന്റെ അര്‍ത്ഥം കരിച്ചു കളയുക എന്നതാണ്.

sameeksha-malabarinews

മനസില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ പശ്ചാതാപത്തിന്റെയും തെറ്റുതിരുത്തലുകളുടെയും, പാരസ്പര്യത്തിന്റെ വിളക്കി ചേര്‍ക്കലുകളുടെയും, വിട്ടുവീഴ്ച്ചകളുടെ കഴുകി തുടക്കലുകളുടെയും കാലം. സ്‌നേഹോഷ്മള ജീവിതത്തിലേക്കുള്ള പരിശീലനം വഴി ജീവിതത്തെ സൂക്ഷ്മത കൊണ്ട് ദിവ്യ പ്രീതിക്കായി സമര്‍പ്പിക്കുകയാണ് നോമ്പിന്റെ ലക്ഷ്യം.

നോമ്പിനെ വരവേല്‍ക്കാന്‍ വീട്ടമ്മമാര്‍ കാണിക്കുന്ന ശുചിത്വ ജാഗ്രത ശ്രദ്ധേയമാണ്. ‘ നനച്ചുളി’ എന്ന പേരില്‍ വീടിന്റെ എല്ലാ അരികും മൂലയും വെടിപ്പാക്കി നോമ്പിനെ വരവേല്‍ക്കുകയാണ് ‘നനച്ചുളി’.

ഒരു മാസം നീണ്ടു നില്‍ക്കുന്ന ഉപവാസത്തിന്റെ പകലും ,
കണ്ണീര്‍ തൂകി കരള്‍ നനയുന്ന പ്രാര്‍ത്ഥനയുടെ രാവും വിശ്വാസികള്‍ക്ക് നല്‍കുന്ന ആത്മീയവും ശാരീരികവുമായ കരുത്ത് ചെറുതല്ല.

വര്‍ഷംതോറും മുറതെറ്റാതെയുള്ള ഈ ആരാധനാ നൈരന്തര്യം ബോധമുദിച്ച കാലം മുതല്‍ മരണമെത്തുന്ന സമയം വരെ ആരോഗ്യം അനുവദിക്കുന്ന കാലമത്രയും വിശ്വാസികള്‍ പിന്‍തുടരുന്നു. രോഗികള്‍, യാത്രക്കാര്‍, വയോധികര്‍ , ആര്‍ത്തവകാല , പ്രസവ കാല സമയങ്ങള്‍, കുട്ടികള്‍ എന്നിവര്‍ക്ക് നോമ്പിലിളവുണ്ട് .

വ്രത വിശുദ്ധി പട്ടിണി കിടക്കുന്ന സമൂഹങ്ങളുടെ നോവറിയാനും ദാരിദ്ര്യ മുക്ത സാമൂഹ്യ ക്രമത്തെ കുറിച്ച് ചിന്തിക്കാനും കാരുണ്യ പ്രേരിത ജീവിതം നയിക്കാനും പ്രേരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇസ്ലാമിക പഞ്ചസ്തംഭങ്ങളിലൊന്നായ ‘സക്കാത്ത്’ വാര്‍ഷിക ആദയങ്ങളും സാമ്പത്തിക ആസ്തികളും അളന്ന് തിട്ടപ്പെടുത്തി അഗതികളുടെ അവകാശം മാറ്റി വെച്ച് പാവപ്പെട്ടവരുടെ സ്വയം പര്യാപ്തതക്ക് ഉതകുവാനും , വീടടക്കമുള്ള അവരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും റമദാന്‍ മാസത്തെയാണ് പൊതുവെ വിശ്വാസികള്‍ ദാന കാലമായി തെരഞ്ഞെടുത്തു വരുന്നത്.

സൂര്യോദയത്തിന് മുമ്പ് കഴിക്കണമെന്ന് നിര്‍ദേശിക്കപ്പെട്ട അത്താഴത്തോടെ നോമ്പെടുക്കുന്നു എന്ന നിശ്ചയ നിശ്ചയഥാര്‍ഢ്യമെടുക്കുന്നതോടെ (നിയ്യത്ത്) നോമ്പെന്ന സവിശേഷ ആരാധനയ്ക്ക് തുടക്കം കുറിക്കുന്നു. സൂര്യാസ്തമയത്തോടെ (മഗ്‌രിബ് ബാങ്ക് വിളിയോടെ) വ്രതം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു.

തികഞ്ഞ ആത്മ നിയന്ത്രണം നോമ്പിന്റെ അനിവാര്യ ഘടകമാണ്. , നോമ്പെടുത്ത് നാക്ക് നിയന്ത്രിക്കാത്തവര്‍ക്കും പരദൂഷണം തുടരുന്നവര്‍ക്കും ക്ഷീണവും ദാഹവും ബാക്കിയായെന്നല്ലാതെ ഒരു പുണ്യവുമില്ലന്ന് പ്രവാചകന്‍ മുന്നറിയിപ്പേകിയിട്ടുണ്ട്..

നോമ്പു കാരന് രണ്ടു സന്തോഷമുണ്ടന്നാണ് പ്രവാചക മൊഴി, അതിലൊന്ന് നോമ്പു തുറയുടെ സന്തോഷമാണ്, മറ്റൊന്ന് മരണാനന്തരം നോമ്പുകാര്‍ക്ക് സ്വര്‍ഗീയാനന്ദത്തിന്റെ സുഗന്ധ കവാടങ്ങള്‍ തുറക്കുന്ന നേരവും.

നോമ്പുതുറയുടെ സന്തോഷം സമൂഹത്തിന് പൊതുവെ അനുഭവ ഭേദ്യമാണ്, കാരക്കയുടെയും വെള്ളത്തിന്റെയും ലാളിത്വത്തില്‍ നിന്ന് തുടങ്ങണമെന്ന ദൈവദൂതന്റെ കല്‍പ്പന അക്ഷരം പ്രതി തെറ്റാതെ നോക്കുന്ന നോമ്പുതുറയുടെ തുടര്‍ന്നങ്ങോട്ടുള്ള വിഭവപര്‍വം പലപ്പോഴും നോമ്പിന്റെ ശാരീരിക ഗുണങ്ങളെ ഇല്ലാതാക്കുന്നതാണന്ന് പറയാതെ വയ്യെങ്കിലും സവിശേഷ ഭക്ഷണങ്ങളുടെ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന സന്തോഷ അനുഭൂതി സമ്മതിക്കാതെ വയ്യ.

കപ്പ പുഴുക്കും കട്ടന്‍ ചായയും കൊണ്ട് നോമ്പുതുറന്നും അത്താഴം കാണാതെ നോമ്പെടുത്തും കഴിഞ്ഞു പോയ ദാരിദ്ര്യത്തിന്റെ നോമ്പുകാലം പുതിയ തലമുറക്ക് ഇന്ന് ആശ്ചര്യം പകരുന്നു.

ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമാക്കുന്ന സര്‍വ പഴങ്ങളും , ഇതോടൊപ്പം കട്ട് ലെറ്റ്, ഉന്നക്ക കായ, മുട്ട മസാല, ഗോതമ്പ് അലീസ , പൊരിക്കടികളും ഫ്രുട്ടും, ജ്യൂസും നിറഞ്ഞ് നില്‍ക്കുന്ന പ്രാഥമിക നോമ്പുതുറക്ക് ശേഷം മഗ്‌രിമ്പ് നമസ്‌ക്കാരം കഴിഞ്ഞ് ആശ്വാസത്തില്‍ ഒരു പിടി പിടിക്കാന്‍ കുഴി മന്തി മുതല്‍ പരമ്പരാഗത നെയ്‌സ് പത്തിരിയും തേങ്ങ വറുത്ത അരച്ച കോഴി ചാറടക്കമുള്ള പ്രധാന സെഷനിലെ സന്തോഷ മുഹൂര്‍ത്തം പറയേണ്ടി തില്ല. ചിലരെങ്കിലും ഈ സെഷന്‍ റമദാനിലെ സവിശേഷ രാത്രി കാല പ്രാര്‍ത്ഥനയായ തറാവീഹിന് ശേഷമാണ് കഴിക്കാന്‍ സമയം കണ്ടെത്താറ്, എന്നാല്‍ ചില മത സംഘടനകളെങ്കിലും പരിധി വിടുന്ന രാത്രി കാല ഭക്ഷണ പോരാട്ടത്തിനെതിരെ ബോധവത്ക്കരണം നടത്തുന്നുണ്ട്.

റമദാനിലെ രാത്രികാല പ്രാര്‍ത്ഥനകള്‍ക്ക് കുട്ടികളും മുതിര്‍ന്നവരും ഒരേ പോലെ കാണിക്കുന്ന ആവേശവും ആത്മാര്‍ത്ഥയും ആത്മവിശ്വാസവും ശ്രദ്ധേയമാണ്.

കഴിഞ്ഞ വര്‍ഷം കൊറാണയെതുടര്‍ന്ന് ലോക് ഡൗണില്‍ വീണ നോമ്പ് കാലം വീടകങ്ങളില്‍ ഒതുങ്ങിയിരുന്നു. മഹാമാരി വിട്ട് പോയിട്ടില്ലാത്തതിനാല്‍ ജാഗ്രത അനിവാര്യമാണ്.

ഉപവാസം വഴി അതിവൈകാരികതയെ തടുക്കാനും ആത്മ നിയന്ത്രണം കൊണ്ട് നോമ്പ് ഇച്ചിക്കുന്ന സൂക്ഷ്മത കൈവരിക്കാനും പട്ടിണിയുടെ നോവറിയുന്നതിലൂടെ പട്ടിണിയിലൊട്ടിയ വ്യക്തികളുടെയും, കുടുംബങ്ങളുടെയും, സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും പരാധീനതകള്‍ക്ക് പരിഹാരം കാണാനും വിശുദ്ധ റമദാന്‍ വിശ്വാസികളെ പ്രേരിപ്പിക്കട്ടെ.

വിശുദ്ധിയുടെ റമദാന്‍ അമ്പിളിപിറ സര്‍വ മാലിന്യങ്ങളെയും കരിച്ചു കളഞ്ഞ് റമദാനിന്റെ ഏറ്റവും വലിയ സവിശേഷതയായി അവതീര്‍ണമായ ജീവിത വെളിച്ചം പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് പോലെ ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നും പിറവി കൊണ്ട മനുഷ്യര്‍ വംശ, വര്‍ണ , ജാതി, മത മേല്‍ വിലാസങ്ങളുടെ പേരില്‍ ഗര്‍വ് നടിക്കാതെ ഉദാത്ത മാനവികതയിലെക്ക് റമദാന്‍ നമ്മെ നയിക്കട്ടെ എന്ന് ഞങ്ങളാശംസിക്കുന്നു.

നാം ഒന്ന്,നമ്മുടെയെല്ലാം ദൈവമൊന്ന് എന്ന ഉദാത്തമായ ലക്ഷ്യം പൂവണിയുന്ന നോമ്പും പെരുന്നാളും ഈ കൊറാണ കാലത്തും നമ്മെ തഴുകട്ടെ എന്ന പ്രാര്‍ത്ഥനയോടെ മലബാരി ന്യൂസിന്റെ സുഗന്ധം നിറഞ്ഞ റമദാന്‍ ആശംസകള്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!