Section

malabari-logo-mobile

എച്ച്. എന്‍. എല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തണം:  സര്‍വകക്ഷിയോഗം

HIGHLIGHTS : തിരുവനന്തപുരം: വെളളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെല...

തിരുവനന്തപുരം: വെളളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗം തീരുമാനിച്ചു. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നതിനെതി രെ നിയമ നടപടിയെടുക്കുന്നതിനുളള സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. ഫാക്ടറി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുളള സാധ്യതയെക്കുറിച്ച് വിശദമായ പഠനം നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.

1982-ല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പത്രക്കടലാസ് ഉല്‍പാദനം ആരംഭിച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് കേരളത്തിലെ കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. 500 സ്ഥിരം തൊഴിലാളികളും 600-ലേറെ കരാര്‍ തൊഴിലാളികളുമുളള ഫാക്ടറി സ്വകാര്യവല്‍ക്കരിക്കുന്നതിനെതി രെ സര്‍ക്കാര്‍ നിരന്തരം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് 2017 മാര്‍ച്ചില്‍ നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി അയച്ചിരുന്നു. എന്നാല്‍ ഓഹരി വില്‍പ്പനയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നതിന് ഈ വര്‍ഷം ആദ്യം കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ലേലത്തില്‍ കേരള സര്‍ക്കാരിനും പങ്കെടുക്കാമെന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. മിനിരത്‌ന വിഭാഗത്തില്‍പ്പെടുന്ന ഈ കമ്പനി നല്ല ലാഭത്തിലാണ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചത്. വിദേശത്ത് നിന്ന് യഥേഷ്ടം പത്രക്കടലാസ് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതോടെയാണ് കമ്പനി പ്രതിസന്ധിയിലായത്. കമ്പനിക്കുവേണ്ടി 700 ഏക്ര സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയതാണ്. ഉല്‍പാദനത്തിനു വേണ്ടി ഒരു വര്‍ഷം 33 കോടി രൂപയുടെ അസംസ്‌കൃത സാധനം വനം വകുപ്പ് നല്‍കുന്നുണ്ട്. പത്രക്കടലാസിന്റെ ഇറക്കുമതി ചുങ്കം കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായി എടുത്തുകളഞ്ഞത് കമ്പനിക്ക് കൂടുതല്‍ ദോഷമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

കേന്ദ്രസര്‍ക്കാര്‍ നയമാണ് ഈ കമ്പനിയെ നഷ്ടത്തിലേക്ക് തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഓഹരി വില്‍പ്പന ലക്ഷ്യം വെച്ചാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പത്രക്കടലാസിന് വന്‍ ആവശ്യം ഉളളതുകൊണ്ട് കമ്പനി ലാഭകരമായി നടത്താന്‍ കഴിയുമെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. അസംസ്‌കൃത സാധനത്തിന് ദൗര്‍ലഭ്യവുമില്ല.
സംസ്ഥാന സര്‍ക്കാര്‍ 700 ഏക്കര്‍ വിട്ടുകൊടുത്ത കമ്പനി സ്വകാര്യവല്‍ക്കരിക്കാന്‍ അനുവദിക്കരുതെന്ന് കെ.എം. മാണി ആവശ്യപ്പെട്ടു. മന്ത്രിമാരായ എ.സി മൊയ്തീന്‍, ടി.പി. രാമകൃഷ്ണന്‍, രാമചന്ദ്രന്‍ കടന്നപ്പളളി എന്നിവരും കെ.ജെ. തോമസ്, കെ. ചന്ദ്രന്‍പിളള (സി.പി.ഐ.എം), കെ.സി. ജോസഫ്, ആര്‍. ചന്ദ്രശേഖര്‍ (കോണ്‍ഗ്രസ്), എന്‍. ഷംസുദ്ദീന്‍ (മുസ്ലീം ലീഗ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ജി. സുഗുണന്‍ (സി.എം.പി), മോന്‍സ് ജോസഫ് എം.എല്‍.എ, പി.സി. ജോര്‍ജ് എം.എല്‍.എ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍, സെക്രട്ടറി സഞ്ജയ് കൗള്‍, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!