Section

malabari-logo-mobile

എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മലപ്പുറം ജില്ലയില്‍ വിപുലീകരിക്കുന്നു

HIGHLIGHTS : മലപ്പുറം: സാംക്രമിക രോഗപ്രതിരോധത്തിന്റെ ഭാഗമായി എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിപുലീകരിക്കാന്‍ തീരുമാനം. എച്ച്.ഐ.വി നിയന്ത്രണ പര...

മലപ്പുറം: സാംക്രമിക രോഗപ്രതിരോധത്തിന്റെ ഭാഗമായി എച്ച്.ഐ.വി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിപുലീകരിക്കാന്‍ തീരുമാനം. എച്ച്.ഐ.വി നിയന്ത്രണ പരിപാടികള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും പദ്ധതികളുടെ ഏകോപനത്തിനുമായി രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. രോഗസാധ്യത കൂടുതലുള്ളവര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കിടയിലും പരിശോധന നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനും ആവശ്യമായ എച്ച്.ഐ.വി കിറ്റുകള്‍ ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനമായി. ജയില്‍ അന്തേവാസികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍, ലഹരി ഉപയോഗിക്കുന്നവര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നിവര്‍ക്കിടയില്‍ എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷനുമായി സഹകരിച്ച് പരിശോധനയും ബോധവത്ക്കരണവും നടത്തും. സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, സാമൂഹിക നീതി വകുപ്പ്, എക്‌സൈസ്, പോലീസ് വകുപ്പുകള്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തനം സാധ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ക്കും യോഗത്തില്‍ തീരുമാനമായി. ലൈംഗിക തൊഴിലാളികളുടെ പുനരധി വാസത്തിനായി കുടുംബശ്രീയുമായി സഹകരിച്ച് കൂടുതല്‍ സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നത് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കണമെന്ന് യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദേശിച്ചു. എച്ച്.ഐ.വിയ്ക്ക് പുറമെ ഹെപ്പിറ്റൈറ്റസ് ബി, മലേറിയ പോലുള്ള രോഗങ്ങള്‍ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടികളും കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഓഫീസര്‍ എന്‍ ഹൈമാവതി, ടെക്‌നിക്കല്‍ സപ്പോര്‍ട്ട് യൂനിറ്റ് പ്രൊജക്ട് ഓഫീസര്‍ പ്രിന്‍സ്, ജില്ലാ ലീഗല്‍ അതോറിറ്റി സബ് ജഡ്ജ് ആര്‍ മിനി, സാമൂഹിക നീതി വകുപ്പ് ഓഫീസര്‍ കെ കൃഷ്ണമൂര്‍ത്തി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മായില്‍, കുടുബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, സ്റ്റിയറിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ഹമീദ് കട്ടുപ്പാറ എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സുരക്ഷാ പ്രൊജക്ട് മാനേജര്‍മാര്‍, മൈഡ്രേന്റ് സുരക്ഷാ പ്രൊജക്ട് മാനേജര്‍മാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്രൊജക്ട് മാനേജര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

എച്ച്.ഐ.വി പ്രതിരോധത്തിന് ജില്ലയില്‍ അഞ്ച് പദ്ധതികള്‍

sameeksha-malabarinews

എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ നിലവിലുള്ളത് അഞ്ച് സുരക്ഷാ പദ്ധതികള്‍. സ്ത്രീ ലൈംഗിക തൊഴിലാളികളെയും സ്വര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാരെയും കേന്ദ്രീകരിച്ചുള്ള ജില്ലാ പഞ്ചായത്തിന്റെ രണ്ട് പദ്ധതികള്‍, സന്നദ്ധ സംഘടനയായ മലബാര്‍ കള്‍ച്ചറല്‍ ഫോറം തീരദേശ മേഖലകള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാര്‍ക്കിടയില്‍ നടപ്പാക്കുന്ന സുരക്ഷാ പദ്ധതിയും ജില്ലയിലുണ്ട്. ഇതിന് പുറമെ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റി ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്കിടയിലും പീപ്പിള്‍ സര്‍വ്വീസ് സൊസൈറ്റി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും സുരക്ഷാ പദ്ധഥികള്‍ നടപ്പാക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും മയക്കുമരുന്ന് കുത്തിവെയ്ക്കുന്നതിലൂടെയുമാണ് കൂടുതലായും എച്ച്.ഐ.വി ബാധയുണ്ടാകുന്നത് എന്നതിനാല്‍ ബോധവത്ക്കരണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് പദ്ധതികളിലൂടെ പ്രധാനമായും നടത്തുന്നത്. അഞ്ച് സുരക്ഷാ പദ്ധതികളുടെ ഏകോപനത്തിനും എച്ച്.ഐ.വി നിയന്ത്രണ പരിപാടികള്‍ ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും ഉറപ്പുവരുത്തലാണ് ജില്ലാ കലക്ടര്‍ അമിത് മീണ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യരക്ഷാധികാരിയുമായ സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചുമതല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!