HIGHLIGHTS : Historian Dr. M. G. S. Narayanan passes away

കോഴിക്കോട്:ചരിത്രകാരന് ഡോ. എംജിഎസ് നാരായണന് അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. എഴുത്തുകാരന്, അധ്യാപകന്, ചരിത്ര ഗവേഷകന്, സാഹിത്യ നിരൂപകന്, തുടങ്ങി വിവിധ മേഖലകളില്‍ ഡോ എംജിഎസ് നാരായണന്റെ സംഭാവനകള്‍ നിരവധിയാണ്.

മലപ്പുറം പരപ്പനങ്ങാടി മുറ്റായില്‍ നാരായണി അമ്മയുടെയും ഡോ.പി കെ ഗോവിന്ദ മേനോന്റെയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം ജി എസ് ജനിച്ചത്. പരപ്പനങ്ങാടിയിലും പൊന്നാനിയിലുമായി പ്രാഥമിക വിദ്യാഭ്യാസം ഹൈസ്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് ഗുരുവായൂരപ്പന് കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിസും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നുമായി ഉന്നതബിരുദവും ബിരുദാനന്തരവും പൂര്‍ത്തിയാക്കി.
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് 1953ല്‍ ഒന്നാം റാങ്കോടെ എം എ പാസായി. 1954 മുതല്‍ 64വരെ കോഴിക്കോട് ഗുരുവായൂരപ്പന് കോളേജില്‍ ചരിത്രാധ്യാപകനായിരുന്നു.
എംജിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എംജിഎസ് നാരായണന്, കേരള ചരിത്ര പഠനങ്ങള്‍ക്ക് രീതിശാസ്ത്രപരമായ അടിത്തറ പാകിയ അധ്യാപകനായാണ് വിലയിരുത്തപ്പെടുന്നത്. ഭാഷാ വ്യാകരണത്തിലും പ്രാചീന ലിപികളിലും എംജിഎസ് നടത്തിയ പഠനങ്ങള്‍ സമാനതകളില്ലാത്തതാണ്.പെരുമാള്‍സ് ഓഫ് കേരള എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനമാണ് എംജിഎസിന്റെ മാസ്റ്റര്‍പീസ്. ലണ്ടന്‍, മോസ്കോ, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ സുപ്രധാന സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായി അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ചരിത്ര വിഭാഗം തലവന്‍, ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെംബര്‍ സെക്രട്ടറി-ചെയര്മാന് എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു.