കൊച്ചി: നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി. വാക്കാലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ പരാമര്‍ശം. ജാമ്യാപേക്ഷയില്‍ ഉത്തരവ് മൂന്നരയ്ക്കായിരിക്കും.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത്. ദ്വയാര്‍ത്ഥ പ്രയോഗം ഇല്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷയിലൂടെയും ബോബി ചെമ്മണ്ണൂര്‍ പരാതിക്കാരിയെ അധിക്ഷേപിക്കുന്നുവെന്നും കോടതി പറഞ്ഞു. ബോബിക്കായി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ഹാജരായത്.
ബോബിയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
ബോബിയില്‍ നിന്നുണ്ടായത് ദ്വയാര്‍ഥ പ്രയോഗമാണെന്നും പൊതുസമൂഹത്തിന് ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. സമൂഹത്തിന് പാഠമാകുന്ന ഉത്തരവാകണം കോടതിയില്‍ നിന്നുണ്ടാകേണ്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഹൈക്കോടതിയില്‍ നേരത്തെ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ബോബിയുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. തുടര്‍ന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.




