കോഴിക്കോട് ജില്ലയില്‍ മരണം നാലായി; നാളെയും റെഡ് അലേര്‍ട്ട്; 40ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

HIGHLIGHTS : heavy rain calicut

cite

കോഴിക്കോട്:കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ജില്ലയില്‍  ഇന്ന് മൂന്നു പേര്‍ മരിച്ചു. ഇതോടെ ‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. താമരശ്ശേരി താലൂക്കില്‍ കോടഞ്ചേരി വില്ലേജിലെ ബിജു ചന്ദ്രന്‍കുന്നേലിന്റെ മക്കളായ നിഥിന്‍ ബിജു (13), ഐവിന്‍ ബിജു (11) എന്നിവരും വടകര താലൂക്കിലെ വില്ല്യാപ്പള്ളി വില്ലേജില്‍ മൊട്ടേമ്മല്‍ കുന്നുമ്മായിന്റവിട മീത്തല്‍ ദാമോദരന്റെ മകന്‍ പവിത്രന്‍ (64) എന്നയാളുമാണ്  മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വടകര മുക്കാളിക്കരയില്‍ കിണര്‍ കുഴിക്കവെ മണ്ണിടിഞ്ഞ് വീണ് കുളത്തുവയല്‍ സ്വദേശി കെ വി രജീഷ് (48) മരിച്ചിരുന്നു.

വൈകിട്ട് വീടിനടുത്തുള്ള തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു സഹോദരങ്ങളായ കുട്ടികള്‍ ഷോക്കേറ്റു മരിച്ചത്. ശക്തമായ കാറ്റില്‍ തേക്ക് മരത്തിന്റെ ശിഖരം വൈദ്യുതി ലൈനിൽ വീണതിനെ തുടര്‍ന്ന് കമ്പി പൊട്ടി തോട്ടിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിൽ പോകവെ കാറ്റിയാംവെള്ളി ക്ഷേത്രത്തിന് സമീപത്ത് വെച്ച് തെങ്ങ് കടപുഴകി വിണായിരുന്നു പവിത്രന്റെ മരണം.

ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍  മെയ് 26 ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ 40ലേറെ വീടുകളാണ് ഇന്നലെ ഭാഗികമായി തകര്‍ന്നത്. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും ഭിത്തി ഇടിഞ്ഞുവീണും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണും മറ്റും ഗതാഗത തടസ്സങ്ങളുണ്ടായി. തുടര്‍ച്ചയായി പെയ്ത മഴയില്‍ ജില്ലയുടെ പലഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

വടകര താലൂക്കിലെ വിലങ്ങാട് വില്ലേജ് പരിധിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ മഞ്ഞച്ചീളിയിലെ 9 കുടുംബങ്ങളെ (13 പുരുഷന്മാര്‍, 12 സ്ത്രീകള്‍, 11 കുട്ടികള്‍) വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു. കാവിലുംപാറ മൂന്നാം കൈ തോടിന്റെ വശം ഇടിഞ്ഞതിനാൽ നാല് കുടുംബങ്ങളെ അടുത്തടുത്തുള്ള വീട്ടിലേക്കും മാറ്റി. മാവൂര്‍ കടോടി ഓഡിറ്റോറിയത്തിന്റെ ചുറ്റുമതില്‍ ഇടിഞ്ഞുവീണ് രജീഷ് എന്നയാളുടെ കാര്‍ തകര്‍ന്നു.

ജില്ലയില്‍ കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേര്‍ന്നു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ്, പോലിസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ, ദുരന്തനിവാരണം, കെഎസ്ഇബി, പൊതുമരാമത്ത്, ഇറിഗേഷന്‍, ഫിഷറീസ്, പോര്‍ട്ട്, ഡിഎംഒ, എല്‍എസ്ജിഡി, ടൂറിസം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഡിഎംഒ, എസ് സി, എസ് ടി തുടങ്ങിയ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു. ജില്ലയിലെ കാലവര്‍ഷക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും അടിയന്തര നടപടികള്‍ ഏകോപിപ്പിക്കുന്നതിനും കലക്ടറേറ്റ് കേന്ദ്രമായി സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!