ശക്തമായ കാറ്റില്‍ തിരൂരില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

തിരൂര്‍: ശക്തമായ കാറ്റിനെ തുടര്‍ന്ന് വീടിന്റെ മേല്‍കൂര തകര്‍ന്നു വീണു. ഉണ്ണിയാല്‍ അഴീക്കലില്‍ കല്ലിയേരിപ്പറമ്പില്‍ മുഹമ്മദ് ഷാഫിയുടെ വീടിന്റെ മേല്‍ക്കൂരയാണ് ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റില്‍ തകര്‍ന്നത്. ഈ സമയത്ത് മുഹമ്മദ് ഷാഫിയുടെ മകന്‍ നജില്‍ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. മേല്‍ക്കൂര തകര്‍ന്നു വീഴുന്നത് കണ്ട് നജില്‍ പുറത്തേക്കിറങ്ങിയോടിയതിനാല്‍ വന്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

വീടിന്റെ വയറിംഗിനും കേടുപാടുകള്‍ പറ്റിയതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു. നിറമരുതൂര്‍ വില്ലേജ് ഓഫീസിര്‍,പഞ്ചായത്ത് മെമ്പര്‍ സൈതലവി എന്നിവര്‍ വീട് സന്ദര്‍ശിച്ചു .

പ്രളയ സമയത്ത് വീട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിപോയതിനാല്‍ വളരെ കഷ്ടപ്പെട്ടാണ് മത്സ്യത്തൊഴിലാളിയായ മുഹമ്മദ് ഷാഫി വീടിന്റെ അറ്റകുറ്റ പണി നടത്തി വീട്ടില്‍ താമസം ആരംഭിച്ചത്. എന്നാല്‍ ഇന്നലെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നതോടെ എന്ത്‌ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ കുടുംബം.

Related Articles