ഉഷ്ണതരംഗം: ഉരുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിയ്ക്കും: മന്ത്രി ജെ. ചിഞ്ചു റാണി

ഉഷ്ണതരംഗം മൂലം ഉരുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യാന്‍ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍ദേശം നല്‍കി. സംസ്ഥാനം ഒട്ടാകെ വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ മൃഗസംരക്ഷണ- ക്ഷീരവികസന മേഖലയിലെ ഓണ്‍ലൈനായി കൂടിയ ഉന്നതതല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു മന്ത്രി.

മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ മൃഗസംരക്ഷണഓഫീസര്‍മാരും ക്ഷീരവികസന വകുപ്പിലെ ജില്ലാതല ഓഫീസര്‍മാരും മില്‍മയുടെ മൂന്നു മേഖലകളിലെയും ചെയര്‍മാന്മാരും യോഗത്തില്‍ പങ്കെടുക്കുകയും വിവിധ ജില്ലകളിലെ സാഹചര്യം വിശദീകരിയ്ക്കുകയും ചെയ്തു. ഉഷ്ണതരംഗം മൂലം വിവിധ ജില്ലകളില്‍ കന്നുകാലികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അവിടങ്ങളില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം ഉള്‍പ്പെടയുള്ള രേഖകള്‍ അടിയന്തിരമായി ക്രോഡീകരിച്ചു കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ തന്നെ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ നേതൃത്വത്തില്‍ ഉഷ്ണകാലത്തു പ്രത്യേകമായി നടപ്പിലാക്കിയ വേനല്‍ക്കാല ഇന്‍ഷുറന്‍സ് പദ്ധതി വഴി 34000 ഓളം കന്നുകാലികളെ ഇന്‍ഷുറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചുവെന്നും അത് വഴി 1.18 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. സമാന രീതിയില്‍ 2024 -25 വര്‍ഷത്തില്‍ 36000 ഓളം കന്നുകാലികള്‍ക്ക് വേനല്‍ക്കാല ഇഷുറന്‍സ് പരിരക്ഷ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കൂടാതെ മില്‍മ മലബാര്‍ മേഖല വഴി 2023-24 വര്‍ഷത്തില്‍ 38588 പശുക്കളെയും,2024 -25 വര്‍ഷത്തില്‍ 40668 പശുക്കള്‍ക്ക് വേനല്‍ക്കാല ഇഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും 1.62 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മില്‍മ എറണാകുളം മേഖല വഴി 25000 കന്നുകാലികളെ വേനല്‍ക്കാല ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും 45 ലക്ഷം രൂപ നഷ്ടപരിഹാര ഇനത്തില്‍ വിതരണം ചെയ്യുവാന്‍ കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. വിവരാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ് എം എസ്സിലൂടെ അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ആസിഫ് കെ യൂസഫ്, ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ് എന്നിവര്‍ ഉദ്യോഗസ്ഥ തലത്തില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് വിശദമായി സംസാരിച്ചു.

വിവിധ ജില്ലകളില്‍ കന്നുകാലികള്‍ ചൂടിന്റെ കാഠിന്യം മൂലം മരണപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാവിലെ 11 മണി മുതല്‍ മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ കന്നുകാലികളെ മേയാന്‍ വിടുന്നത് സൂര്യഘാതത്തിന് ഇടയാക്കും എന്ന് മന്ത്രി അറിയിച്ചു. ഉഷ്ണ തരംഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീര കര്‍ഷക മേഖലകളില്‍ ജില്ലാ ഓഫീസര്‍മാര്‍ കളക്ടര്‍മാരുമായി നേരിട്ട് ബന്ധപ്പെട്ട് കന്നുകാലികള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

ജില്ലകളില്‍ നിന്നും 31-3-2025 വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തു ഉഷ്ണതാപം മൂലം 106 പശുക്കളും 12 എരുമകളും 8 ആടുകളും മരണപ്പെട്ടിട്ടുണ്ട്.

കടുത്ത വേനലിനെ പ്രതിരോധിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പില്‍ നിന്നുള്ള താഴെപ്പറയുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ഷകര്‍ പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

§ തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കണം. ഫാന്‍ സജ്ജീകരിക്കുന്നതു തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹകരമാവും.

§ മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍ / തുള്ളി നന/ സ്പ്രിങ്ക്ളര്‍ / നനച്ച ചാക്കിടുന്നത് ഉത്തമം.

§ സൂര്യഘാതം ഏറ്റവും കൂടുതല്‍ സംഭവിക്കാന്‍ സാധ്യതയുള്ള രാവിലെ 11 മണി മുതല്‍ വൈകിട്ട് 4 മണി വരെ പൊള്ളുന്ന വെയിലില്‍ തുറസ്സായ മേയാന്‍ വിടുന്നത് ഒഴിവാക്കുക. ആയതിനാല്‍ 11 മണിക്ക് മുന്‍പും 4 മണിക്ക് ശേഷവും മാത്രം പശുക്കളെ മേയാന്‍ വിടുക.

§ ശുദ്ധമായ തണുത്ത കുടിവെള്ളം ദിവസത്തില്‍ എല്ലാ സമയവും ലഭ്യമായിരിക്കണം (കറവപശുക്കള്‍ക്ക് 80- 100 ലിറ്റര്‍ വെള്ളം / ദിവസം)

§ ധാരാളം പച്ചപ്പുല്ല് തീറ്റയായി ലഭ്യമാക്കണം.

§ മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോല്‍ രാത്രിയിലുമായി പരിമിതപ്പെടുത്തുക.

§ ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടും മാത്രം കന്നുകാലികളെ നനയ്ക്കാന്‍ ശ്രദ്ധിക്കുക.

§ കനത്ത ചൂട് മൂലം കന്നുകാലികളില്‍ കൂടുതല്‍ ഉമിനീര്‍ നഷ്ടപ്പെടുന്നതിനാല്‍ ദഹനക്കേടും വയറിളക്കവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിന്‍ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

§ വേനല്‍ ചൂട് മൃഗങ്ങളുടെ ശരീര സമ്മര്‍ദ്ദം കൂട്ടുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു. ചൂടുകാലത്തു ബാഹ്യ പരാദങ്ങളായ പട്ടുണ്ണി, ചെള്ള്, പേന്‍, ഈച്ച തുടങ്ങിയവ പെറ്റുപെരുകുന്ന സമയമായതിനാല്‍ അവ പരത്തുന്ന മാരകരോഗങ്ങളായ തൈലേറിയാസിസ്, അനാപ്ലാസ്മോസിസ്, ബബീസിയോസിസ് എന്നിവ കൂടുതലായി കണ്ടു വരുന്നു. ആയതിനാല്‍ ചൂട് കാലത്തു ഇത്തരം ബാഹ്യപരാദങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതല്‍ കൂടി കര്‍ഷകര്‍ സ്വീകരിക്കണം.

§ ബാക്ടീരിയ പരത്തുന്ന അകിടുവീക്കം വേനല്‍ക്കാലത്തു സാധാരണ കണ്ടുവരുന്ന അസുഖമാണ്. ആയതു നിയന്ത്രിക്കുന്നതിന് കറവയുള്ള മൃഗങ്ങളുടെ അകിടില്‍ നിന്നും പാല്‍ പൂര്‍ണമായി കറന്ന് ഒഴിവാക്കേണ്ടതും ചൂട് കുറഞ്ഞ രാവിലെയും വൈകീട്ടുമായ് കറവ ക്രമീകരിക്കേണ്ടതുമാണ്.

§ കൃഷിപ്പണിക്കുപയോഗിക്കുന്ന കന്നുകാലികളെ രാവിലെ 11 മണി മുതല്‍ വൈകീട്ട് 4 മണി വരെയുള്ള ചൂട് കൂടിയ സമയങ്ങളില്‍ കൃഷിപ്പണിക്കായി നിയോഗിക്കരുത്.

§ പ്രാദേശികമായി പുറപ്പെടുവിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കുകയും മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്.

സൂര്യാഘാതം-ലക്ഷണങ്ങള്‍

§ തളര്‍ച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായില്‍ നിന്നും നുരയും പതയും വരിക , വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ വിദഗ്ദ്ധ ചികിത്സ തേടേണ്ടതാണ്.

സൂര്യാഘാതമേറ്റാല്‍ ആദ്യം ചെയ്യേണ്ടത്

§ തണുത്ത വെള്ളം തുണിയില്‍ മുക്കി ശരീരം നന്നായി തുടയ്ക്കുക.

§ കുടിക്കാന്‍ ധാരാളം വെള്ളം നല്‍കുക

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top