ആരോഗ്യ ജാഗ്രതയില്‍ വീഴ്ച പാടില്ല: മലപ്പുറം ജില്ലാ കലക്ടര്‍

നിയന്ത്രണങ്ങള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം: സമ്പര്‍ക്കത്തിലൂടെ കോവിഡ് 19 ബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതി ജില്ലയില്‍ ആശങ്കാജനകമാണെന്നും നിലവിലെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇതര രാജ്യങ്ങള്‍, സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗബാധിതരാകുന്ന അവസ്ഥ ജില്ലയില്‍ കുറഞ്ഞിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരാണ് ഇപ്പോള്‍ വര്‍ധിക്കുന്നത്. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ചയും അലംഭാവവുമാണ് നിലവിലെ സ്ഥിതിക്ക് കാരണമെന്ന് ഓരോരുത്തരും തിരിച്ചറിയണം. രോഗവ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും വാര്‍ഡ്തല സമിതികളും ജില്ലാ വ്യാപകമായിത്തന്നെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നതിനിടെ നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യാന്‍ പാടില്ല. വൈറസ് ബാധയ്ക്കുള്ള സാഹചര്യം സജീവമായിരിക്കെ സ്വയമുള്ള പ്രതിരോധമാണ് ഓരോരുത്തരും ഉറപ്പാക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

സമൂഹ വ്യാപനം വന്‍തോതില്‍ വര്‍ധിക്കുമ്പോള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തത്തോടെയുള്ള ജനകീയ പങ്കാളിത്തം അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. ചെറിയ വീഴ്ചകള്‍ പോലും ഗുരുതര രോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന സ്ഥിതിയാണി നിലവിലുള്ളത്. പൊതുസമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ വൈറസ് വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞുള്ള പ്രതിരോധം ഉറപ്പാക്കണം. അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടത്. പുറത്തിറങ്ങുന്നവര്‍ കൃത്യമായ സാമൂഹ്യ അകലവും ശരിയായ രീതിയിലുള്ള മാസ്‌കിന്റെ ഉപയോഗവും പാലിക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, സാനിറ്റൈസര്‍ ഉപയോഗിച്ചോ ശാസ്ത്രീയമായ രീതിയില്‍ ഇടക്കിടെ വൃത്തിയാക്കണം. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ശാരീരിക ശുചിത്വം ഉറപ്പാക്കി മാത്രമെ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ.

മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, മാറാരോഗികള്‍ എന്നിവര്‍ വൈറസ് ബാധിതരാകുകയാണെങ്കില്‍ ആരോഗ്യസ്ഥിതി ഗുരുതരമാകാനുള്ള സാധ്യതയാണ് നിലവിലുള്ളത്. ഇത് വീട്ടിലുള്ള മറ്റുള്ളവരും തിരിച്ചറിഞ്ഞ് പരമാവധി ജാഗ്രത പുലര്‍ത്തണം. ഈ വിഭാഗത്തിലുള്ളവരുമായി പുറത്തുനിന്നുള്ളവരാരും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തരുത്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ അവശ്യം വേണ്ടവര്‍ മാത്രമാണ് പങ്കെടുക്കേണ്ടത്. ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും വേണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

 

Share news
error: Content is protected !!
Scroll to Top