തിരുവനന്തപുരം:സംസ്ഥാനത്തെ പുതുക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളില്‍ പ്രായോഗികമായ സമീപനമാണ് സര്‍ക്കാരിനുള്ളത് എന്ന ആമുഖത്തോടെയാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ജനസംഖ്യയില്‍ ആയിരം പേരില്‍ എത്ര പേര്‍ക്ക് രോഗം വരുന്നുവെന്ന് പരിഗണിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. രോഗവ്യാപനം തടയാന്‍ ആള്‍ക്കൂട്ടം തടയുക എന്നുള്ളതാണ് പ്രധാനം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌ക്കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുന്ന രീതി തുടരേണ്ടതുണ്ട്. ആരാധാനാലയങ്ങളില്‍ വിസ്തീര്‍ണം കണക്കാക്കിയായിരിക്കണം ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാം. മരണ വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് പങ്കെടുക്കാം. കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാം. 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ കടകളില്‍ പ്രവേശനം.
കടകളില്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത് ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍, രോഗം വന്ന് ഭേദമായവര്‍, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി ആര്‍ എടുത്തവര്‍എന്നിവര്‍ക്കാണ്.
ശനിയാഴ്ചയിലെ വരാന്ത്യ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അടുത്തയാഴ്ച്ച മുതല്‍ ഞായറാഴ്ചകളില്‍ മാത്രമാകും ലോക്ക്ഡൗണ്‍ ഉണ്ടാവുക. സ്വാതന്ത്ര്യ ദിനത്തിനും മൂന്നാം ഓണത്തിനും ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഹോട്ടലുകളില്‍ തുറസായ സ്ഥലങ്ങളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
പ്രദേശങ്ങളില്‍ ടിപിആര്‍ കണക്കിലെടുത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലും മാറ്റം വരുത്തി. ഒരു തദ്ദേശസ്ഥാപനത്തില്‍ ആയിരം പേരില്‍ പരിശോധന നടത്തുന്നതില്‍ പത്ത് പേര്‍ രോഗികളായാല്‍ ആ പ്രദേശത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കും. മറ്റുള്ളിടത്ത് ആഴ്ചയില്‍ ആറു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം.തദ്ദേശ സ്ഥാപനങ്ങളിലെ ആകെ കൊവിഡ് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് നോക്കുന്നതിന് പകരം ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടുന്നത് ഫലപ്രദമാകുമെന്നാണ് വിലയിരുത്തല്‍. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് വ്യാപാര സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
നിയന്ത്രണത്തിനുള്ള നടപടികള്‍
വാക്‌സിനേഷന്‍ പൂര്‍ത്തിയാകുന്നതുവരെ ജനങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കാനും അതോടൊപ്പം ജനങ്ങളുടെ ജീവസന്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ഉതകുന്നവിധത്തിലുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
കോവിഡിന്റെ ഒരോ ഘട്ടങ്ങളെയും അതിന്റേതായ ഗൗരവത്തില്‍ പരിശോധിച്ച് നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ പിന്തുണയോടെ ശ്രമിച്ചിട്ടുള്ളത്. കോവിഡ് 19 മഹാമാരിയുടെ വ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും വാര്‍ഡ് അടിസ്ഥാനത്തിലും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ രൂപപ്പെടുത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ഇതിനെ അടിസ്ഥാനപ്പെടുത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതിനനുസരിച്ച് ലഘൂകരണം നടത്തുകയും ഇളവുകള്‍ നല്‍കുകയും ചെയ്യുന്ന പ്രായോഗിക സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.
താരതമ്യം
വിവിധ ജനവിഭാഗങ്ങളെ വിശ്വാസത്തില്‍ എടുത്തുകൊണ്ടും നിയന്ത്രണങ്ങളുടെ പ്രത്യാഘാതങ്ങള്‍ പരിഗണിച്ചുകൊണ്ട് സമാശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് നടപ്പാക്കിയുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം കേരളത്തില്‍ അല്‍പ്പം താമസിച്ചാണ് ആരംഭിച്ചത്. കേരളത്തില്‍ ഇനിയും 56 ശതമാനത്തോടടുപ്പിച്ച് ആളുകള്‍ക്ക് രോഗം ബാധിച്ചിട്ടില്ലാത്തതിനാല്‍ നമ്മുടെ ദൈനംദിന രോഗികളുടെ എണ്ണം മറ്റു സംസ്ഥാനത്തേക്കാള്‍ ഉയര്‍ന്നുനില്‍ക്കാനുള്ള സാധ്യത ഏറെയാണ്. എന്നാലും മരണനിരക്ക് കുറഞ്ഞ നിലയില്‍ നിലനിര്‍ത്തുന്ന കാര്യത്തിലും ഓക്‌സിജന്‍ വെന്റിലേറ്റര്‍ എന്നിവ രോഗികള്‍ക്ക് ലഭ്യമാക്കുന്ന കാര്യത്തിലും കേരളം ഇന്നും മെച്ചപ്പെട്ട നിലയില്‍ തന്നെയാണ്.
മരണനിരക്ക് നമ്മുടെ സംസ്ഥാനത്തില്‍ 0.50 ശതമാനമാണെന്നിരിക്കേ അഖിലേന്ത്യാ ശരാശരി 1.34 ശതമാനമാണ്. രോഗനിര്‍ണ്ണയത്തിനും രോഗവ്യാപനത്തോത് അളക്കുന്നതിനും ഏറ്റവും ഫലപ്രദമായ രീതി വ്യാപകമായ ടെസ്റ്റിംഗാണ്. കേരളത്തിലെ ടെസ്റ്റ് പെര്‍ മില്ല്യണ്‍ (ദശലക്ഷത്തില്‍ നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം) 7,93,391 ആണ്. അഖിലേന്ത്യാ ശരാശരി 3,41,517 ആണ്. രോഗചികിത്സ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സൗജന്യമായും സ്വകാര്യ ആശുപത്രികളില്‍ നിശ്ചിത നിരക്കിലുമാണ് നല്‍കിവരുന്നത്. ഇത്തരം മെച്ചപ്പെട്ട സൂചികകള്‍ ഉള്ളപ്പോഴും നമ്മുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.45 ശതമാനമാണ്. അഖിലേന്ത്യാതലത്തില്‍ ഇത് 6.73 ശതമാനമാണ്. നമ്മുടെ സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കണക്കാക്കുകയും അതിന്റെ അടിസ്ഥാനത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത്.
ജില്ലാ തലങ്ങളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ പരിശോധിച്ചാണ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ ആണെന്ന് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ ഒരു വിദഗ്ധ സമിതിയും നിലവിലുണ്ട്. ഇത്തരം വിദഗ്ധാഭിപ്രായം കണക്കിലെടുത്തുകൊണ്ടാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ഇളവുകള്‍ നല്‍കുന്നതും.
പുതിയ സമീപനം
സര്‍ക്കാരിനു മുന്നില്‍ ഉയര്‍ന്നുവന്ന ഒരു പൊതുവായ നിര്‍ദ്ദേശം ടി.പി.ആറിനൊപ്പം മറ്റൊരു ശാസ്ത്രീയമായ മാനദണ്ഡം കൂടി അവലംബിക്കണമെന്നതാണ്. അതിന്റെ ഭാഗമായി ജനസംഖ്യയില്‍ 1000 പേരില്‍ എത്രയാള്‍ക്ക് പുതിയതായി രോഗം നിര്‍ണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിക്കപ്പെടണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.
രോഗ വ്യാപനം തടയുന്നതിന് ആള്‍ക്കൂട്ടം നിയന്ത്രിക്കുകയെന്നത് എറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും ഭിന്നാഭിപ്രായം ഉണ്ടായിട്ടുമില്ല. അതിനാല്‍ രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ കൂട്ടായ്മകള്‍ ഉള്‍പ്പെടെ ജനങ്ങള്‍ കൂടുന്ന സംവിധാനങ്ങള്‍ ഒഴിവാക്കുന്ന രീതി പൊതുവില്‍ തുടരേണ്ടതായിട്ടുണ്ട്. ആരാധനാലയങ്ങളില്‍ അവയുടെ വിസ്തീര്‍ണ്ണം കണക്കാക്കിയാവണം ആളുകള്‍ പങ്കെടുക്കേണ്ടത്. വലിയ വിസ്തീര്‍ണ്ണമുള്ളവയില്‍ പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്.
ഇന്നത്തെ പൊതു സാഹചര്യവും വാക്‌സിനേഷന്റെ പുരോഗതിയും കണക്കിലെടുത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരില്‍ പത്തില്‍ കൂടുതല്‍ രോഗികള്‍ ഒരാഴ്ച ഉണ്ടായാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും, മറ്റുള്ളയിടങ്ങളില്‍ ആഴ്ചയില്‍ 6 ദിവസം പ്രവര്‍ത്തിക്കാന്‍ അനുമതിയും നല്‍കാനാവും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഞായറാഴ്ചയും പ്രവര്‍ത്തിക്കുന്നതാണ്. ഓണത്തിന്റെ തിരക്ക് കൂടി കണക്കിലെടുത്ത് 22-ാം തീയ്യതി ഞായറാഴ്ചയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഉത്സവകാലമായതുകൊണ്ട് തന്നെ സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികള്‍ ആള്‍ക്കൂട്ടം വരാനിടയുള്ള വ്യാപാരസ്ഥാപനങ്ങള്‍ എടുക്കേണ്ടതാണ്. ഇതിന് പ്രത്യേകമായ സംവിധാനം അത്തരം വ്യാപാര സ്ഥാപനങ്ങള്‍ എടുക്കേണ്ടതാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് ഹോം ഡെലിവറി സൗകര്യം കഴിയാവുന്നത്ര ഇടങ്ങളില്‍ വിപുലീകരിക്കണം. പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുകയും ആവശ്യമായ പരിശോധന നടത്തുകയും ചെയ്യുന്നതാണ്. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ അനുവദിക്കാവുന്നതാണ്. സാമൂഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയില്‍ ഒരാള്‍ എന്ന നിലയില്‍ ആയിരിക്കണം പ്രവേശനം. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും വ്യാപാരികളുമായി ചേര്‍ന്ന് യോഗങ്ങള്‍ നടത്തും.
കടകള്‍ സന്ദര്‍ശിക്കുന്നവര്‍ ആദ്യഡോസ് വാക്‌സിനേഷനേഷന്‍ എങ്കിലും എടുത്തവരോ, 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളില്‍ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആകുന്നതായിരിക്കും അഭികാമ്യം. ഇതോടൊപ്പം അത്യാവശ്യ സാഹചര്യങ്ങളില്‍ പുറത്തിറങ്ങുന്നതിനുള്ള അനുമതിയും നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. സാമൂഹ്യപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ ലഭ്യത അനുസരിച്ച് ഒരു നിശ്ചിത തീയതിക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കും. കിടപ്പ് രോഗികള്‍ക്ക് എല്ലാവര്‍ക്കും സമയബന്ധിതമായി വീടുകളില്‍ ചെന്ന് വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കും. ആരോഗ്യവകുപ്പിന്റെ കൃത്യമായ മേല്‍നോട്ടത്തില്‍ ഇത് നടപ്പാക്കുകയും ചെയ്യും. സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ നടത്തുന്നതിന് സ്ഥലസൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി പ്രോത്സാഹിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ സ്വീകരിക്കും.
കോവിഡ് രണ്ടാം തരംഗം ഉയര്‍ത്തുന്ന വെല്ലുവിളിയും പൊതുസമൂഹത്തിന്റെ സഹകരണത്തോടെ തന്നെ നേരിടാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മൂന്നാം തരംഗത്തിന്റെ ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനു മുമ്പ് തന്നെ വാക്‌സിനേഷന്‍ കഴിയുന്നത്ര പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടിയാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. അതിന്റെ ഭാഗമായി പരമാവധി ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമാക്കി സാമൂഹ്യ പ്രതിരോധ ശേഷി കെട്ടിപ്പടുക്കുന്നതിലൂടെ കോവിഡ് മഹാമാരിയുടെ വ്യാപനം നമുക്ക് ഫലപ്രദമായി തടയാന്‍ കഴിയും.



