വിദ്വേഷ പ്രസംഗം: സ്വമേധയാ കേസെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം

ദില്ലി: എല്ലാ സംസ്ഥാനങ്ങളും വിദ്വേഷ പ്രസംഗങ്ങളില്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. നേരത്തെ യുപി, ഉത്തരാഖണ്ഡ്, ദില്ലി എന്നീ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉത്തരവാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി ബാധകമാക്കിയത്.

രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തുക, ദേശീയ ഐക്യം തകര്‍ക്കുക, മതവികാരം വ്രണപ്പെടുത്തുക, ഭയപ്പെടുത്തല്‍ തുടങ്ങിയവയില്‍ പരാതിയില്ലാതെ തന്നെ പൊലീസ് കേസെടുക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്വേഷ പ്രസംഗം ഭരണഘടനയുടെ അന്തസത്തയെയും ചട്ടക്കൂടിനെയും ബാധിക്കുകയാണെന്ന് ഉത്തരവില്‍ ജസ്റ്റിസ് കെ എം ജോസഫ്, ബിവി നാഗരത്‌ന എന്നിവരുള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.

ഏതെങ്കിലും ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് കേസെടുക്കുന്ന രീതി ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശവും സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് സംസ്ഥാനങ്ങള്‍ക്ക് നല്‍കി. കേസെടുക്കാന്‍ വൈകുന്നത് കോടതി അലക്ഷ്യമായി പരിഗണിക്കും. അടുത്ത മാസം പന്ത്രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കാനിരിക്കെ കേസില്‍ വിശദമായ വിധിക്കുള്ള സാധ്യത വിരളമാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top