ഇന്ന് ദലിത് – ആദിവാസി സംഘടനകളുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ദളിത് – ആദിവാസി സംഘടനകളുടെ ഹര്‍ത്താല്‍. പട്ടികജാതി, പട്ടികവര്‍ഗ ലിസ്റ്റിനെ ജാതി അടിസ്ഥാനത്തില്‍ വിഭജിക്കാനും എസ്‌സി/എസ്ടി വിഭാഗങ്ങളില്‍ ക്രീമിലെയര്‍ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറു മണിമുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബലം പ്രയോഗിച്ചോ, നിര്‍ബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല. എല്ലാവരോടും സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. യാതൊരു അക്രമപ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ലന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.

ദേശീയതലത്തില്‍ വിവിധ ദലിത് ബഹുജന്‍ സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്ന ദാരത് ബന്ദിന്റെ പശ്ചാത്തലത്തിലാണ്, കേരളത്തില്‍ വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഹര്‍ത്താല്‍ ആചരിക്കണമെന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്.  പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

സുപ്രീം കോടതി വിധി മറികടക്കാന്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തണമെന്നാണ് പ്രധാന ആവശ്യം. പ്രവര്‍ത്തകരും നേതാക്കളും വിവിധ ജില്ലാ കേന്ദ്രങ്ങളിലെത്തി ഹര്‍ത്താലിന് പിന്തുണ അറിയിച്ച് പ്രകടനം നടത്തുമെന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും സമരസമിതി നേതാവ് എം. ഗീതാനന്ദന്‍ പറഞ്ഞു. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top