ഹരീഷ് റാണ മരണത്തിന് കീഴടങ്ങി;രാജ്യത്തെ ആദ്യത്തെ ദയാമരണം

ദില്ലി:ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് അനുമതി ലഭിച്ച വ്യക്തി ഹരീഷ് റാണ അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. അവസാന സമയങ്ങളില്‍ മാതാവിന് മാത്രമാണ് ഹരീഷിനൊപ്പം തുടരാന്‍ അനുമതിയുണ്ടായിരുന്നത്.

13 വര്‍ഷമായി കോമയിലായിരുന്നു ഹരീഷ് റാണ. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്. ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കളായിരുന്നു ദയാവധത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നല്‍കിയത്.

2013-ല്‍ ചണ്ഡീഗഡിലെ യൂണിവേഴ്‌സിറ്റിയില്‍ സിവില്‍ എഞ്ചിനിയറിങിന് പഠിക്കുന്ന സമയത്താണ് താമസ സ്ഥലത്തെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതോടെ നൂറ് ശതമാനം വൈകല്യം സംഭവിക്കുകയും ചെയ്തു.

മാര്‍ച്ച് 14-ന് ഗാസിയാബാദിലെ വീട്ടില്‍ നിന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റോട്ടറി കാന്‍സര്‍ ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അനുസൃതമായി ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top