തിരൂരങ്ങാടി: സമ്പത്തും, മാടമ്പിത്തരവും കൈമുതലാക്കിയ ഒരു സ്‌കൂള്‍ മാനേജ്‌മെന്റും, ഭരണകൂടവും ഒന്നിച്ച് വേട്ടയാടിയപ്പോള്‍ പിടിച്ച് നില്‍ക്കാനാവാതെ മരണത്തിലേക്ക് നടന്ന് നീങ്ങിയ മൂന്നിയൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ കെ ഹനീഷ് കുമാറിന് താന്‍ അറിവ് പകര്‍ന്ന നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
ഇന്നലെ പാലക്കാട് ഒരു ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് മൂന്നിയൂര്‍ സ്‌കൂള്‍ പരിസരത്തെത്തിയപ്പോള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കാത്തു നിന്നത്. പൂട്ടിയിട്ട എം എച്ച് എസ് എസ് സ്‌കൂള്‍ കവാടത്തില്‍ നിന്ന് വാരകള്‍ക്കപ്പറുത്ത് റോഡരുകില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി ഒരു നോക്ക് കാണാനെത്തിയ മാഷുടെ പ്രിയപ്പെട്ട കുട്ടികളും, സഹപ്രവര്‍ത്തകരും പൊട്ടിക്കരഞ്ഞു. സങ്കടം പലപ്പോഴും പ്രതിഷേധങ്ങളായി മാറുന്നതും കാണാമായിരുന്നു.
പ്രതേ്യകം സജ്ജമാക്കിയ വാഹനത്തില്‍ 2.15 ഓടെയാണ് മൃതദേഹം മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ എത്തിയത്. മണിക്കൂറുകളോളം ഇവിടെ ജനബാഹുല്യം കാരണം മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് നൂറകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം അനീഷിന്റെ വസതിയായ നാദാപുരം എടച്ചേരിയിലേക്ക് കൊണ്ടുപോയി.
പി ശ്രീരാമകൃഷണന്‍ എംഎല്‍എ ബദുറുന്നീസ, എന്നിവര്‍ അന്തേ്യാപചാരം അര്‍പ്പിച്ചു. മൃതദേഹം കോട്ടക്കല്‍ ചങ്കുവെട്ടിയിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.




