മരിച്ചവര്‍ പരപ്പനങ്ങാടി, തൊടുപുഴ സ്വദേശികള്‍
നിലമ്പൂര്‍: വണ്ടൂര്‍ ജംഗ്ഷനില്‍ ജീപ്പും, കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. കാറിലെ യാത്രക്കാരനായ പരപ്പനങ്ങാടി കോട്ടത്തറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചെട്ടിയാന്‍ പറമ്പില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് (40), ജീപ്പില്‍ സഞ്ചരിച്ച ഗൂഡല്ലൂരില്‍ ബിസിനസുകാരനും തൊടുപുഴ സ്വദേശിയുമായ വിനോദ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ വണ്ടൂര്‍ ജംഗ്ഷനില്‍ ജീപ്പും, കാറും നേര്‍ക്ക് നേര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാളിക്കാവ് ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും, ഗൂഡല്ലൂര്‍ ഭാഗത്ത് നിന്ന് വരികയായിരുന്ന ജീപ്പുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരപ്പനങ്ങാടി സ്വദേശിയായ ഷെമീര്‍ (30) ഗുരുതരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇയാള്‍ പാലത്തിങ്ങല്‍ ജിംനേഷ്യം നടത്തിവരികയാണ്.
മൃതദേഹങ്ങള്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വണ്ടൂര്‍ എസ്‌ഐ ചെറുണ്ണിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. കാറിലുണ്ടായിരുന്നവര്‍ കാളികാവിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചു വരികയായിരുന്നു. രത്‌നഗിരിയില്‍ ബേക്കറി തൊഴിലാളിയായിരുന്നു മരിച്ച മുഹമ്മദ്. ഭാര്യമാര്‍ ആയിശുമ്മ, സുലൈഖ. മക്കള്‍ മുബഷീര്‍, ജംഷീര്‍, മുര്‍ഷിദ്. മുഹമ്മദിന്റെ ഖബറടക്കം ഇന്ന് പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദില്‍ നടക്കും.



