HIGHLIGHTS : Green protocol should be followed in Ramadan programs: District Collector
റമദാൻ മാസത്തിൽ സംഘടനകളും ക്ലബ്ബുകളും നടത്തുന്ന സമൂഹ നോമ്പ് തുറകളിലും വഴിയോര യാത്രക്കാർക്കുള്ള നോമ്പ് തുറ കിറ്റ് വിതരണത്തിലും ഹരിതപ്രോട്ടോക്കോൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ് നിർദേശം നൽകി. ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ച് ചേർന്ന വിവിധ മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
നിരോധിത ഉത്പന്നങ്ങളായ പേപ്പർ ഗ്ലാസ്സുകൾ, പ്ലേറ്റുകൾ, തെർമോക്കോൾ ഗ്ലാസ്സുകൾ, പ്ലേറ്റുകൾ, നിരോധിച്ച കുപ്പി വെള്ളം, എന്നിവ ഒരു കാരണവശാലും ഉപയോഗിക്കരുത്. സംഘടനയുടെ താഴെതട്ടിലുള്ള ഘടകങ്ങൾക്ക് ഇക്കാര്യത്തിൽ ആവശ്യമായ അറിയിപ്പുകൾ നൽകണം.
വഴിയാത്രക്കാർക്കുള്ള നോമ്പുതുറക്കിറ്റുകൾ വിതരണം ചെയ്യുമ്പോൾ നിരോധിച്ച കുപ്പിവെള്ളം ഒഴിവാക്കി ഒരു ലിറ്റർ കുപ്പിവെള്ളമോ അതിനു മുകളിലെ അളവിലുള്ളതോ നൽകാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
നിരോധിത ഉത്പന്നങ്ങൾ ഇത്തരം പരിപാടികളിൽ ഉപയോഗിക്കുന്നത് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകളുടെ ശ്രദ്ധയിൽപ്പെട്ടാൽ കനത്ത പിഴ ഈടാക്കുകയും മറ്റു നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
റമദാൻ മാസം നോമ്പുതുറക്കു ശേഷം റോഡ് സൈഡിലും മറ്റും താൽക്കാലികമായി അനധികൃതമായും, അംഗീകാരമില്ലാതെയും, ലൈസൻസില്ലാതെയും പ്രവർത്തിക്കുന്ന കടകൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
യോഗത്തിൽ എൽ.എസ്.ജി.ഡി. അസിസ്റ്റന്റ് ഡയറക്ടർ പി. ബൈജു, ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ടി.എസ് അഖിലേഷ്, ടെക്നിക്കൽ കൺസൽട്ടന്റ് കെ. വിനീത്, വിവിധ മത സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു