HIGHLIGHTS : Govt got more than Rs 20 crore through online booking in rest houses: PA Muhammad Riaz
തിരുവനന്തപുരം: റസ്റ്റ് ഹൗസുകളിലെ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി സര്‍ക്കാരിന് ലഭിച്ചത് 20 കോടിയിലധികം രൂപയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള കണക്കാണിത്. ഫോര്‍ട്ട് കൊച്ചിയില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള നവീകരിച്ച റസ്റ്റ് ഹൗസിന്റെയും റസ്റ്റോറന്റ് ആക്കുന്നതിനായി പുതുക്കിയ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരുകോടി 45 ലക്ഷം രൂപ ചെലവഴിച്ചാണ് റസ്റ്റ് ഹൗസ് നവീകരിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയ അഞ്ചു മുറികളാണ് ഇവിടെയുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഫോര്‍ട്ടു കൊച്ചി റസ്റ്റ് ഹൗസ് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ചരിത്രപരമായി പ്രാധാന്യമുള്ള പൈതൃക ടൂറിസ്റ്റ് കേന്ദ്രമാണ് ഫോര്‍ട്ട് കൊച്ചി. വിദേശ സഞ്ചാരികള്‍ ഉള്‍പ്പെടെ ഫോര്‍ട്ട് കൊച്ചിയില്‍ എത്തുന്നുണ്ട്. ഫോര്‍ട്ടുകൊച്ചിയിലെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി റസ്റ്റ് ഹൗസ് നവീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയെ തുടര്‍ന്നാണ് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകള്‍ ആക്കി മാറ്റുന്നതിനും ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നതിനും തീരുമാനിച്ചത്. റസ്റ്റ് ഹൗസ് നവീകരിക്കുന്നതിനായി പ്രത്യേക തുക ചെലവഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പഴമയുടെ സൗന്ദര്യം തുടിക്കുന്ന പുതിയ കെട്ടിടത്തില്‍ ഒരു റസ്റ്റോറന്റ് കൂടി സജ്ജമാക്കി. ഫോര്‍ട്ടുകൊച്ചി റസ്റ്റ് ഹൗസ് ഇപ്പോള്‍ പഴയ റസ്റ്റ് ഹൗസ് അല്ല എന്ന് വ്യക്തമാണ്. ഈ നേട്ടം കൈവരിക്കുന്നതിനായി കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ചു നിന്നുവെന്നും പി എ മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഷം മുന്‍പാണ് റസ്റ്റ് ഹൗസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സമയബന്ധിതമായി ഇത് പൂര്‍ത്തീകരിക്കാനും കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2021 നവംബര്‍ ഒന്നിനാണ് കേരളത്തിലെ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. കേരളത്തില്‍ പൊതുമരാമത്ത് വകുപ്പിനു കീഴില്‍ 153 റസ്റ്റ് ഹൗസുകളും 1100ലധികം റൂമുകളും ഉണ്ട്. നേരത്തെ മുറി ബുക്ക് ചെയ്യണമെങ്കില്‍ കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് അപേക്ഷ നല്‍കി തിരുവനന്തപുരത്ത് എത്തി തീരുമാനമെടുക്കണമായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതോടെ ഈ തടസ്സം മറികടക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റി തീര്‍ക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചത്. 2021 നവംബര്‍ ഒന്നു മുതല്‍ ഇതുവരെ 316,000 പേര്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു. കൊച്ചി കോര്‍പ്പറേഷന്റെ സഹകരണത്തോടെ ഫോര്‍ട്ട് കൊച്ചി റസ്റ്റോറന്റ് റസ്റ്റ് ഹൗസിനെയും ടൂറിസം സാധ്യതകളെയും പ്രയോജനപ്പെടുത്തു ന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
കെ ജെ മാക്‌സി എംഎല്‍എ, ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രതിനിധി കെ വി തോമസ്, കൊച്ചി നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ലാല്‍, കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രിയ പ്രശാന്ത്, കൗണ്‍സിലര്‍മാരായ ആന്റണി കുരിത്തറ, ബെനഡിക്ട് ഫെര്‍ണാണ്ടസ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ട് എന്‍ജിനീയര്‍ എസ് ആര്‍ അനിതകുമാരി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെസ്സി മോള്‍ ജോഷ്വാ, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.