മലയാള സര്‍വകലാശാലയിലെ ഡി. ലിറ്റ് ബിരുദദാനം ഗവര്‍ണര്‍ മാര്‍ച്ച് മൂന്നിന് നിര്‍വഹിക്കും

The Governor will confer the D.Litt degree from the Malayalam University on March 3

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂര്‍: ഭാഷയിലും സാഹിത്യത്തിലും കലാസാംസ്‌കാരിക രംഗങ്ങളിലും മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിപ്പാട്, ഡോ. സ്‌കറിയ സക്കറിയ, സി. രാധാകൃഷ്ണന്‍, വി.എം. കുട്ടി എന്നീ നാല് വിശിഷ്ട വ്യക്തികള്‍ക്ക് ഡി-ലിറ്റ് പുരസ്‌കാരങ്ങള്‍ നല്‍കും. മലയാള സര്‍വകലാശാലയിലെ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാര്‍ച്ച് മൂന്നിനാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുക. സര്‍വകലാശാലയുടെ പ്രഥമ ഡി-ലിറ്റ് ബിരുദമാണ് ഗവര്‍ണര്‍ മാര്‍ച്ച് മൂന്നിന് രാവിലെ 11.30ന് ക്ഷണിക്കപ്പെട്ട സദസില്‍ നല്‍കുന്നത്. നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്‍, ഭാഷാപണ്ഡിതനും ഗവേഷകനുമായ പ്രൊഫ. സ്‌കറിയ സക്കറിയ, മാപ്പിളപ്പാട്ട് കലാകാരനും ഗവേഷകനും എഴുത്തുകാരനുമായ വി.എം. കുട്ടി എന്നിവര്‍ക്കാണ് അക്കിത്തത്തിന് പുറമെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം (ഡി. ലിറ്റ്) സമ്മാനിക്കുന്നത്. അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് മരണാനന്തര ബഹുമതിയായിട്ടാണ് ബിരുദം സമര്‍പ്പിക്കുന്നത്. മലയാളസര്‍വകലാശാലയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, നിര്‍വാഹകസമിതി അംഗം കെ.പി. രാമനുണ്ണി, രജിസ്ട്രാര്‍ ഡോ. ഡി.ഷൈജന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.എം. റെജിമോന്‍ എന്നിവരും ഡിലിറ്റ് ബിരുദത്തിനും അര്‍ഹരായവരും വേദി പങ്കിടും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍വകലാശാല ആസ്ഥാനത്ത് രാവിലെ 11ന് എത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്വീകരിക്കും. 11.15ന് സര്‍വകലാശാല കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന സെനറ്റ് യോഗത്തില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദത്തിന് അര്‍ഹരായവരെ കുറിച്ച് വൈസ് ചാന്‍സലര്‍ സംസാരിക്കും. തുടര്‍ന്ന് ചാന്‍സലര്‍ ബിരുദ സമര്‍പ്പണം നടത്തും. 10 മിനുട്ടിനുള്ളില്‍ സെനറ്റ് യോഗ നടപടികള്‍ പൂര്‍ത്തിയാക്കി കേരളീയ വസ്ത്രം ധരിച്ച ഗവര്‍ണറേയും വിശിഷ്ട വ്യക്തികളെയും ഘോഷയാത്രയായി സമ്മേളനവേദിയിലേക്ക് ആനയിക്കും. രാവിലെ 11.30ന് ആരംഭിക്കുന്ന ബിരുദദാനചടങ്ങ് ഒരുമണിക്കൂറിനകം പൂര്‍ത്തിയാകും.
രജിസ്ട്രാര്‍, പൊതുസഭാംഗങ്ങള്‍, നിര്‍വാഹകസമിതി അംഗങ്ങള്‍, ഫാക്കല്‍റ്റി ഡീനുകള്‍, വൈസ് ചാന്‍സലര്‍ എന്ന ക്രമത്തിലാണ് ബിരുദദാന ചടങ്ങ് നടക്കുന്ന ഹാളിലേക്ക് പ്രവേശിക്കുക. കോണ്‍വൊക്കേഷന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല ഫോക്ലോര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ചമയപ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍, രജിസ്ട്രാര്‍ ഡോ. ഡി. ഷൈജന്‍, പരീക്ഷാകണ്‍ട്രോളര്‍ ഡോ.പി.എം. റെജിമോന്‍, വൈസ് ചാന്‍സലറുടെ പ്രൈവറ്റ് സെക്രട്ടറി വി.സ്റ്റാലിന്‍ എന്നിവര്‍ അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •