Section

malabari-logo-mobile

സര്‍ക്കാരിന്റെ ഒ ടി ടി പ്ലാറ്റ്ഫോം ഇ-സ്‌പെയ്‌സ് മലയാള സിനിമയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകും: മന്ത്രി സജി ചെറിയാന്‍

HIGHLIGHTS : Government's OTT platform e-space will boost Malayalam cinema: Minister Saji Cherian

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ സാംസ്‌കാരിക വകുപ്പ് ഒരുക്കുന്ന ഇ -സ്‌പെയ്‌സ് ഒ ടി ടി പ്ലാറ്റ്ഫോം മലയാള സിനിമാ മേഖലയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

സാംസ്‌കാരിക വകുപ്പിന് കീഴില്‍ കെ എസ് എഫ് ഡി സി തയ്യാറാക്കുന്ന ഒ ടി ടി പ്ലാറ്റ്ഫോമിന്റെ പേര് പ്രഖ്യാപിക്കുന്ന ചടങ്ങ് ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സര്‍ക്കാരിന് കീഴില്‍ ഇത്തരത്തില്‍ ഒരു ഒ ടി ടി പ്ലാറ്റ് ഫോം തയ്യാറാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും നവംബര്‍ ഒന്നിന് തന്നെ ഇത് പ്രവര്‍ത്തന സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

sameeksha-malabarinews

ലോകോത്തര സിനിമാസ്വാദനം സാധ്യമാക്കുന്ന ഈ ഒ ടി ടി പ്ലാറ്റ്ഫോമില്‍ തിയേറ്റര്‍ റിലീസിന് ശേഷമാണ് സിനിമകള്‍ ലഭ്യമാകുക. അതിനാല്‍ തിയേറ്റര്‍ വരുമാനം തടസപ്പെടില്ല. ഒ ടി ടി പ്ലാറ്റ്ഫോം വഴി ഓരോ തവണ പ്രേക്ഷകര്‍ സിനിമ ആസ്വദിക്കുമ്പോഴും നിശ്ചിത തുക നിര്‍മാതാവിന് ലഭിക്കും.

ഡോക്യുമെന്ററികള്‍, ഹ്രസ്വ ചിത്രങ്ങള്‍ തുടങ്ങിയവയും ഇതുവഴി ലഭ്യമാകും. കലാമൂല്യമുള്ളതും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒ ടി ടി പ്ലാറ്റ്ഫോമില്‍ സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം ജൂണ്‍ ഒന്ന് മുതല്‍ കെ എസ് എഫ് ഡി സി ഹെഡ് ഓഫിസിലും ചിത്രാഞ്ജലി സ്റ്റുഡിയോയിലും ഉണ്ടായിരിക്കും. ചടങ്ങില്‍ കെ എസ് എഫ് ഡി സി മാനേജിങ് ഡയറക്ടര്‍ എന്‍ മായ, കെ എസ് എഫ് ഡി സി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗം കൈതപ്രം ദാമോദരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!