തവനൂര്‍:കേരളത്തെ ഒരു നവ പരിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുന്നതിനായി അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്) നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത തവനൂരിലെ സാമൂഹിക നൈപുണ്യ പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ നില നില്‍ക്കുന്ന വിടവ് പരിഹരിക്കുന്നതിനായാണ് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ സാമൂഹിക നൈപുണ്യ പാര്‍ക്ക് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇതുവഴി 133 സ്‌കില്‍ കോഴ്സുകള്‍ യുവതീ-യുവക്കള്‍ക്കായി നല്‍കി വരുന്നു. ഇവരുടെ കര്‍മ്മശേഷിയും നൈപുണിയും വികസിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു. കേരളീയ സമൂഹത്തെ മുഴുവനായി നൈപുണിയുടെ പടച്ചട്ട അണിയിക്കുക എന്നതിലൂടെ വൈജ്ഞാനിക സമൂഹം എന്ന ആശയം മുന്നോട്ടുവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വരും തലമുറയ്ക്ക് വേണ്ടി ഏറ്റവും മികച്ച വിദ്യാഭ്യാസ രീതിയും മികച്ച തൊഴില്‍ മേഖലകളും കേരളീയ അന്തരീക്ഷത്തില്‍ തന്നെ സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മില്‍ ബന്ധിപ്പിക്കുന്ന നൈപുണ്യ വികസന ക്ലാസുകള്‍ വഴി കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ തൊഴില്‍ നേടാന്‍ സാധിക്കും. മാത്രമല്ല, സമൂഹത്തിലെ നേതൃത്വപരമായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. വിദ്യാര്‍ഥികളുടെ ആശയങ്ങള്‍ കൂടി വളര്‍ത്തിക്കൊണ്ടുവരുന്ന വിധത്തിലുള്ള നോളജ് ട്രാന്‍സ്ലേഷന്‍ സെന്ററുകളും ഇന്‍ക്യുബേഷന്‍ സെന്ററുകളും സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തിവരികയാണ്.
കൂടുതല്‍ തൊഴില്‍ദാതാക്കളെ സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒരുക്കുന്നത്. പഠനത്തോടൊപ്പം സമ്പാദ്യമുണ്ടാക്കും വിധമുള്ള പ്രായോഗിക പരിശീലനങ്ങളാണ് നല്‍കുന്നത്. പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കുറ്റിപ്പുറം-പൊന്നാനി ദേശീയപാതയില്‍ കൂരടയിലുള്ള 1.5 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുക്കിയിട്ടുള്ളത്. യുവതലമുറയ്ക്ക് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലൂടെ മികച്ചതൊഴില്‍ പരിശീലനവും തൊഴിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. 17.3 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ദേശീയ-അന്തര്‍ദേശീയ നിലവാരമുള്ള കോഴ്‌സുകളില്‍ പരിശീലനം ലഭിക്കും.
പരിപാടിയില്‍ കെ.ടി. ജലീല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. നസീറ, ഒ. ശ്രീനിവാസന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.പി. മോഹന്‍ദാസ്, തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ്, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം അക്ബര്‍ കുഞ്ഞു, തവനൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.പി. പ്രവിജ, അസാപ് കേരള ഹെഡ് സി.എസ്.പി ഇ.വി. സജിത് കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എച്ച്. ഹരീഷ് നായര്‍, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ സലിം, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.




