സര്‍ക്കാറിന്റെ നാലാം വാര്‍ഷികം:’എന്റെ കേരളം’ പ്രദര്‍ശന വിപണ മേള: ഒരുങ്ങുന്നത് വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍

HIGHLIGHTS : Government's fourth anniversary: ​​'My Kerala' exhibition and market fair: A variety of stalls are being prepared

malabarinews

മലപ്പുറം:സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മലപ്പുറം കോട്ടക്കുന്നില്‍ മെയ് ഏഴു മുതല്‍ 13 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന- വിപണന മേളയുടെ ഭാഗമായി ഒരുങ്ങുന്നത് വൈവിധ്യമാര്‍ന്ന സ്റ്റാളുകള്‍. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കോട്ടക്കുന്നില്‍ പവലിയനുകളുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. ആകെ 45,192 ച. അടിയില്‍ ശീതീകരിച്ച രണ്ട് ഹാംഗറുകള്‍ ഉള്‍പ്പെടെ 70,000 ച. അടി വിസ്തൃതിയിലുള്ള പ്രദര്‍ശന നഗരിയാണ് ഒരുങ്ങുന്നത്.

വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ സര്‍ക്കാരിന്റെ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ജനങ്ങള്‍ക്ക് അറിവു നല്‍കുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്‍ ഇ ഡി വാളുകളില്‍ തത്സമയ പ്രദര്‍ശനങ്ങളും വിവിധ വകുപ്പുകളുടെ സേവനങ്ങളും ഉറപ്പാക്കും.

ശീതീകരിച്ച പവലിയനില്‍ ഒരു കുടക്കീഴില്‍ ഒരു കേരളം. ഇതാണ് ഒറ്റ വാക്കില്‍ ഈ മെഗാ പ്രദര്‍ശനം.
കേരളത്തിന്റെ സമഗ്ര മുന്നേറ്റങ്ങളെ അടയാളപ്പെടുത്തുന്നതും മാറുന്ന കേരളത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയുന്നതുമാണ് വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷന്‍. 100 ഓളം സര്‍ക്കാര്‍ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 150 ലധികം തീം സ്റ്റാളുകള്‍, വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 60 ലധികം വിപണന സ്റ്റാളുകള്‍, പുസ്തക മേള, 2000 ച. അടിയില്‍ പി.ആര്‍.ഡിയുടെ എന്റെ കേരളം ഒന്നാമാത് ചിത്രീകരണം, കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷിക മേള, കുടുംബശ്രീയുടെ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യമേള, ടൂറിസം അനുഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ പ്രദര്‍ശനം, സാങ്കേതിക മികവ് തെളിയിക്കുന്ന കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെയും സ്റ്റാര്‍ട്ടപ്പുകളുടെയും ടെക്‌നോ ഡെമോ ഏരിയ, സ്‌പോര്‍ട്‌സ് സോണ്‍, വൈവിധ്യവും വിജ്ഞാനപ്രദവുമായ സ്റ്റാളുകള്‍, മിനി തിയേറ്റര്‍ എല്ലാം ശീതീകരിച്ച ഈ പന്തലിനകത്തുണ്ട്. ഏഴു ദിവസങ്ങളിലായി വിവിധ വകുപ്പുകളുടെ കാലിക പ്രസക്തതമായ 13 സെമിനാറുകളും എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികളും മേളയുടെ ഭാഗമായി നടക്കും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, നാഷണല്‍ വാട്ടര്‍ വെയ്‌സ്, ദുരന്തനിവാരണം, നോര്‍ക്ക, പോലീസ്, വിജിലന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ഐടി മിഷന്‍, റവന്യൂ, ആരോഗ്യം, ഫോറസ്റ്റ്, സപ്ലൈകോ, വൈദ്യുതി, പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, കെ ഫോണ്‍, കെ സ്മാര്‍ട്ട് തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മികവാര്‍ന്ന സ്റ്റാളുകള്‍ മേളയ്ക്ക് മാറ്റു കൂട്ടും. ഒപ്പം ഈ വകുപ്പുകളുടെ വിവിധ സേവനങ്ങളും ലഭ്യമാകും.

മോട്ടോര്‍ വാഹന വകുപ്പിന്റെ സ്റ്റാളുകളില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയവയെക്കുറിച്ചുള്ള സംശയനിവാരണങ്ങള്‍, തല്‍ക്ഷണ സേവനങ്ങള്‍ ഇവയുണ്ടാകും. അക്ഷയ സേവനങ്ങളും അക്ഷയയുടെ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളുടെ പെയിന്റിങ്, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വിപണനവും തുടങ്ങിയവയുമുണ്ട്. മില്‍മ ഉല്‍പന്നങ്ങള്‍, ക്ഷീര കര്‍ഷകര്‍ക്കുള്ള വിവിധ പദ്ധതികള്‍ എന്നിവ പരിചയപ്പെടാനുള്ള അവസരവും പ്രദര്‍ശന നഗരിയിലുണ്ട്. ബി.എസ്.എന്‍. എല്ലിന്റെ വിവിധ ഉല്‍പന്നങ്ങളും മൊബൈല്‍ സര്‍വീസും മേളയിലുണ്ട്. കുടുംബശ്രീ സേവനങ്ങള്‍, എംപ്ലോയ്‌മെന്റ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളുടെ വിവരങ്ങള്‍ എന്നിവയും ഉറപ്പാക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ ഫെഡിന്റെ വിവിധ ഉല്‍പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും.

സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോഴ്‌സുകള്‍, അഡ്മിഷന്‍, ആശുപത്രി സംഘങ്ങളുടെ വിവരങ്ങള്‍, പ്രഷര്‍- ഷുഗര്‍ ടെസ്റ്റ് എന്നിവയാണ് സഹകരണ വകുപ്പിന്റെ സ്റ്റാളുകളുടെ ആകര്‍ഷണീയതകള്‍. ജലഗുണ നിലവാര പരിശോധന, വാട്ടര്‍ അതോറിറ്റിയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചയപ്പെടുത്തല്‍, ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്ന ടെസ്റ്റ്, കൃഷിവകുപ്പിന്റെ കതിര്‍ ആപ്പ് രജിസ്‌ട്രേഷന്‍, മണ്ണ് പരിശോധന, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ലൈസന്‍സ് എന്‍ ഒ സി എന്നിവ അനുവദിക്കുന്നതിനുള്ള ഹെല്‍പ്പ് ഡെസ്‌ക്, സര്‍വ്വകലാശാല സേവനങ്ങളുടെ സംശയനിവാരണത്തിനായി ഡിജിറ്റല്‍ സ്റ്റുഡന്‍സ് സര്‍വീസ് സെന്റര്‍, മിത്ര വുമണ്‍ ഹെല്‍പ്പ് ലൈന്‍ മാതൃക, കെട്ടിട നിര്‍മ്മാണ അനുമതി സംബന്ധിച്ച സംശയനിവാരണം, മൊബൈല്‍ വെറ്ററിനറി യൂണിറ്റ്, ജി എസ് ടി ഹെല്‍പ് ഡെസ്‌ക്, ലോട്ടറി ഏജന്‍സി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സംശയനിവാരണം ഫോം വിതരണം, എക്‌സൈസ് വകുപ്പിന്റെ ലഹരി വിമുക്ത കൗണ്‍സിലിംഗ്, സാക്ഷരതാ മിഷന്റെ നാല്, ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി ക്ലാസുകളിലേക്കുള്ള തുല്യത പഠന രജിസ്‌ടേഷന്‍, പച്ചമലയാളം, അച്ഛി ഹിന്ദി കോഴ്‌സ് രജിസ്‌ട്രേഷന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങളും പ്രദര്‍ശനങ്ങളുമാണ് സ്റ്റാളുകളില്‍ ഒരുങ്ങുന്നത്.

രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് പ്രദര്‍ശന സമയം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!