സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായകമായി: മുഖ്യമന്ത്രി

സര്‍ക്കാരിന്റെ ഫലപ്രദമായ വിപണി ഇടപെടല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സഹായകരമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കുറഞ്ഞതോതില്‍ അനുഭവപ്പെടുന്ന സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ഇടപെടലിലൂടെയാണിത് സംഭവിക്കുന്നത്. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ 14,000 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്. സഹകരണ വിപണിയിലൂടെ 60 കോടി രൂപയുടെ സാമ്പത്തികനേട്ടം സാധാരണക്കാര്‍ക്ക് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 100 കോടി രൂപയുടെ പരോക്ഷ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.

1500 ഓണച്ചന്തകളാണ് സഹകരണ മേഖലയില്‍ സംസ്ഥാനത്ത് ആരംഭിക്കുന്നത്. 13 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കിലാണ് ലഭിക്കുക. നിത്യോപയോഗ സാധാനങ്ങള്‍ ഗുണനിലവാരം ഉറപ്പാക്കിയാണ് എത്തിക്കുന്നത്. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള 166 ത്രിവേണി സ്റ്റോറുകള്‍, 24 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ എന്നിവിടങ്ങളിലൂടെ കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭിക്കും. കൂടാതെ നീതി സ്റ്റോറുകള്‍ വഴിയും സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

ഭക്ഷ്യരംഗത്തെ സബ്‌സിഡി രാജ്യത്ത് കുറച്ചുകൊണ്ടുവരുന്നതിന്റെ ദൂഷ്യം അനുഭവിക്കുന്നത് ജനങ്ങളാണ്. ഒരു വിഭാഗത്തിന് ആഹാരം ലഭിക്കാത്ത സ്ഥിതിയുണ്ടാകുന്നു. ആഗോള ഭക്ഷ്യസുരക്ഷാ പട്ടികയില്‍ 68 – ാം സ്ഥാനത്തായിരുന്ന രാജ്യം ഇപ്പോള്‍ 111- ാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണമന്ത്രി വി. എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. ആന്റണി രാജു എം. എല്‍. എ ത്രിവേണി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, സഹകരണ രജിസ്ട്രാല്‍ ഡോ. സജിത്ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top