
മലപ്പുറം :കെ.എസ്.ആര്‍.ടി.സി ബസില്‍ രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കാത്തതും സ്റ്റോപ്പിലിറക്കാത്തതുമായ സംഭവത്തില്‍ ബസിനു 30,000 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയിലാണ് നടപടി.
മുഹമ്മദ് സൈനുദ്ദീന്‍ തൃശൂര്‍ ആമ്പല്ലൂരില്‍ നിന്ന് മലപ്പുറം കൊളപ്പുറത്തേക്കാണ് ബസില്‍ കയറിയത്. ബസില്‍ കയറിയ ശേഷമാണ് ഇരിക്കാന്‍ സീറ്റൊഴിവില്ലെന്ന് മനസിലായത്. രോഗിയായതിനാല്‍ മൂന്നു മണിക്കൂര്‍ നിന്നുകൊണ്ടുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് അറിയിച്ചപ്പോള്‍ കണ്ടക്ടര്‍ തൃശൂരില്‍ നിന്നും സീറ്റു കിട്ടുമെന്നറിയിച്ചു. തുടര്‍ന്ന് കൊളപ്പുറത്തേക്ക് ടിക്കറ്റെടുത്തു. തൃശൂരിലെത്തിയപ്പോള്‍ കുറേ സീറ്റുകള്‍ ഒഴിഞ്ഞതില്‍ ഒരു സീറ്റില്‍ പരാതിക്കാരന്‍ ഇരുന്നു. ബസ് പുറപ്പെട്ടപ്പോള്‍ ഒരു യാത്രക്കാരനെത്തി പരാതിക്കാരനോട് സീറ്റ് ഒഴിഞ്ഞുകൊടുക്കണമെന്നും അത് അദ്ദേഹം റിസര്‍വ് ചെയ്തതാണെന്നും അറിയിച്ചു. ബസ് കണ്ടക്ടറും സീറ്റൊഴിയാന്‍ ആവശ്യപ്പെട്ടു. അതിനിടയില്‍ മറ്റ് സീറ്റുകളില്‍ യാത്രക്കാര്‍ ഇരുന്നു കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പരാതിക്കാരന്ന് നിന്ന് യാത്ര ചെയ്യേണ്ടി വന്നു. മാത്രമല്ല പരാതിക്കാരന് ഇറങ്ങേണ്ടിയിരുന്നത് കക്കാട് സ്റ്റോപ്പിലായിരുന്നു. സര്‍വീസ് റോഡിലൂടെ വാഹനം ഓടിക്കാതെ ദേശീയപാതയിലൂടെ വാഹനം ഓടിച്ചതിനാല്‍ പരാതിക്കാരന് കൂരിയാട് ഇറങ്ങാനേ സാധിച്ചുള്ളു. ഇതും പരാതിക്കാരന് പ്രയാസങ്ങള്‍ ഉണ്ടാക്കി. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനില്‍ പരാതി നല്‍കിയത്.
തൃശൂരില്‍നിന്നും റിസര്‍വ് ചെയ്ത സീറ്റുകള്‍ സംബന്ധിച്ച കാര്യം പരാതിക്കാരനോട് പറയാതിരുന്നതും യാത്രക്കാരനെ സ്റ്റോപ്പിലിറക്കാതെ പോയതും സേവനത്തിലെ വീഴ്ചയാണെന്ന പരാതിക്കാരന്റെ ആക്ഷേപം ശരിവച്ചാണ് കമ്മീഷന്റെ വിധി. 25,000/ രൂപ നഷ്ടപരിഹാരവും 5,000/ രൂപ കോടതി ചെലവും 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും അല്ലാത്ത പക്ഷം ഒപത് ശതമാനം പലിശയടക്കം നല്‍കണമെന്നും കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു.




