
കോഴിക്കോട്: നടന്‍ വിജിലേഷിന് വീടിന്റെ ഒക്യൂപന്‍സിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് തദ്ദേശ അദാലത്തില്‍ സൂപ്പര്‍ ക്ലൈമാക്‌സ്. ഒക്യൂപന്‍സിയുമായി ബന്ധപ്പെട്ട പ്രശ്‌നം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദമായി കേള്‍ക്കുകയും, പരിഹാരം കാണുകയുമായിരുന്നു. വിജിലേഷിന് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു. ഓണ്‍ലൈനായി നടപടികള്‍ നിര്‍വഹിച്ച് അര മണിക്കൂറിനുള്ളില്‍ അദാലത്ത് വേദിയില്‍ വെച്ച് മന്ത്രി നേരിട്ട് വിജിലേഷിന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.
അരിക്കുളം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വിജിലേഷ് പുതുതായി നിര്‍മ്മിച്ച 188.51 ച. മീറ്ററുള്ള വീടുമായി ബന്ധപ്പെട്ടായിരുന്നു പരാതി. വീടിന്റെ സമീപത്തെ ഇടവഴിയുമായുള്ള അകലം സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് വിജിലേഷിന്റെ അപേക്ഷ പഞ്ചായത്ത് നിരസിച്ചത്. ഇതോടെയാണ് വിജിലേഷ് അപേക്ഷയുമായി അദാലത്തില്‍ മന്ത്രിക്ക് മുന്നിലെത്തിയത്.
അപേക്ഷ പരിശോധിച്ച മന്ത്രി, കെട്ടിട നിര്‍മാണ ചട്ടത്തിലെ കെപി ബിആര്‍ 23 (2)ല്‍ ചട്ടഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ച വിവരം അറിയിച്ചു. ഒരു വശം അടഞ്ഞതും 75 മീറ്ററില്‍ കുറഞ്ഞ നീളമുള്ളതുമായ തെരുവുകളുടെ അതിരിലുള്ള പ്ലോട്ടുകളില്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍, ആ തെരുവുമായി ഒന്നര മീറ്റര്‍ അകലം പാലിക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്താനാണ് തീരുമാനിച്ചത്. അപ്രകാരമുള്ള തെരുവ് അഞ്ചില്‍ അധികരിക്കാത്ത എണ്ണം പ്ലോട്ടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ നയിക്കുന്ന വഴിയാണെങ്കില്‍ ആ വഴി പ്രയോജനപ്പെടുത്തുന്ന മുഴുവന്‍ ഭൂവുടമകളും കെട്ടിട ഉടമകളും പരസ്പരം എഴുതി നല്‍കുന്ന സമ്മത പത്രത്തിന്റെ അടിസ്ഥാനത്തില്‍ തെരുവിനോട് ചേര്‍ന്നുള്ള പ്ലോട്ട് അതിരില്‍ നിന്നും കെട്ടിടത്തിലേക്കുള്ള ദൂരം ഒരു മീറ്റര്‍ വരെയാക്കി കുറയ്ക്കാവുന്നതാണ് എന്ന ഭേദഗതിയാണ് വരുത്തുക. ഇതിന് ആവശ്യമായ ഭേദഗതി കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട 23ആം ചട്ടത്തിന്റെ രണ്ടാം ഉപചട്ടത്തില്‍ വരുത്തും. ഈ ഭേദഗതി പരിഗണിക്കുമ്പോള്‍ വിജിലേഷിന്റെ വീടിന് മുന്നിലുള്ള വഴിയില്‍ നിന്ന് ആവശ്യമായ അകലമുണ്ട്. അതിനാല്‍ തന്നെ ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വിജിലേഷിന്റെ വീടുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങള്‍ നീക്കാനാകും.
ചട്ടഭേദഗതി തീരുമാന പ്രകാരം ഇളവ് അനുവദിച്ചാണ് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് അനുവദിക്കുകയും അത് വേദിയില്‍ വെച്ച് തന്നെ വിജിലേഷിന് മന്ത്രി കൈമാറുകയുമായിരുന്നു. ഏറെക്കാലമായി തന്നെ അലട്ടിയ പ്രശ്‌നം പരിഹരിച്ചു കിട്ടിയതിന്റെ സന്തോഷവുമായാണ് വിജിലേഷ് അദാലത്തിന്റെ വേദി വിട്ടത്. തന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഹരിച്ചതിന് സംസ്ഥാന സര്‍ക്കാരിനും തദ്ദേശസ്വയംഭരണ മന്ത്രിക്കും നന്ദി പറയാനും അദ്ദേഹം മറന്നില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




