നിലമ്പൂരില്‍ സര്‍ക്കാര്‍ ലഹരി വിമോചന കേന്ദ്രം തുടങ്ങുന്നു

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പിന്നിടുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ലഹരി വിമോചന കേന്ദ്രം ഉദ്ഘാടനത്തിനു തയ്യാറാടെക്കുന്നു. മദ്യത്തിനും മയക്കു മരുന്നിനും അടിമപ്പെട്ടവര്‍ക്ക് മോചനം നല്‍കുകയെന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ കീഴിലാണ് വിമോചന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. നിലമ്പൂര്‍ ലഹരി വിമോചന കേന്ദ്രം ഫെബ്രുവരി 24ന് വൈകീട്ട് മൂന്നിന് മന്ത്രി ഡോ. കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
ബോധവത്കരണ പ്രവര്‍ത്തനത്തിനും വിമോചന കേന്ദ്രം ഉപയോഗപ്പെടുത്തും. ഡോക്ടര്‍, സൈകോളജിസ്റ്റ്, സൈകാട്രിക് സോഷ്യല്‍ വര്‍ക്കര്‍, നഴ്‌സുമാര്‍ എന്നിവരുടെ സേവനം കേന്ദ്രത്തില്‍ ലഭിക്കും. ലഹരിമോചന ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ജീവന്‍ രക്ഷാ മരുന്നുകളും ഉപകരണങ്ങളും കേന്ദ്രത്തില്‍ ലഭിക്കും. മരുന്നിന് പുറമേ കൗണ്‍സലിങ്ങ്, സൈക്കോ സോഷ്യല്‍ ഇടപെടലുകള്‍, യോഗ തെറാപ്പി, മ്യൂസിക് തെറാപ്പി തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. ചികിത്സ പൂര്‍ത്തിയായവര്‍ വീണ്ടും ലഹരിയിലേക്ക് കടക്കാതിരിക്കാന്‍ ഔട്ട് പേഷ്യന്റ് വിഭാഗത്തില്‍ തുടര്‍ ചികിത്സയും നല്‍കും.

ലഹരി ബോധവത്കരണം ലക്ഷ്യമിട്ട് വിമുക്തി ഉള്‍പ്പടെ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിവരുന്നുണ്ട്. ആദിവാസി മേഖലകളിലെ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡാണ് അതില്‍ പ്രധാനം. നിലമ്പൂര്‍ കേന്ദ്രീകരിച്ചാണ് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെയും പ്രവര്‍ത്തനം. 2017 സെപ്തംബറില്‍ തുടങ്ങിയ പദ്ധതിക്കായി സര്‍ക്കാര്‍ ആറ് ലക്ഷം രൂപയും അനുവദിച്ചിരുന്നു.
പ്രവര്‍ത്തനം തുടങ്ങി ഒന്നര വര്‍ഷത്തിനകം ആദിവാസികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി നിരവധി പദ്ധതികളാണ് ജനമൈത്രി സ്‌ക്വാഡിന്റെ കീഴില്‍ എക്‌സൈസ് വകുപ്പ് നടപ്പാക്കിയത്. ലഹരിവര്‍ജനമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആദിവാസികള്‍ക്കിടയിലെ മദ്യ ഉപയോഗം കുറക്കാനായി തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ മെഡിക്കല്‍, ഡി അഡിക്ഷന്‍ ക്യാമ്പുകള്‍ ആദിവാസി ഊരുകളില്‍ സംഘടിപ്പിച്ചു. പലതരം രോഗികളെ കണ്ടെത്തി ചികിത്സ ലഭ്യമാക്കാനും ആയുര്‍വേദ, ഹോമിയോ, അലോപ്പതി എന്നീ ചികിത്സാ സമ്പ്രദായങ്ങളെ ഏകോപിപ്പിച്ച് ആവശ്യമായ മരുന്നുകള്‍ സൗജന്യമായി നല്‍കാനും ജനമൈത്രിക്കായി. ഗുരുതര രോഗങ്ങള്‍ക്ക് ഫലപ്രദ ചികിത്സ ലഭ്യമാക്കാനും സാധിച്ചു. ആദിവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.
ബോധവത്കരണ പ്രവര്‍ത്തനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ തുടങ്ങിയ വിമുക്തിയുടെ കീഴിലും നിരവധി പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയത്. പ്രധാനമായും സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളാണ് വിമുക്തി പദ്ധതിയുടെ ഭാഗമായി നടക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന പദ്ധതികള്‍ നടപ്പാക്കുന്നതെന്നതിനാല്‍ താഴെത്തട്ടില്‍ നിന്നു തന്നെ ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നത്. ഇതോടൊപ്പം ക്വിസ് മത്സരം, ഫുട്‌ബോള്‍, കായിക മത്സരങ്ങള്‍, സെമിനാറുകള്‍ എന്നിവയെല്ലാം രണ്ട് വര്‍ഷത്തിനകം ജില്ലയില്‍ നടത്തി.