ന്യൂഡല്‍ഹി: രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ പാടില്ലെന്ന വ്യവസ്ഥ നീക്കി കേന്ദ്രസര്‍ക്കാര്‍. മതിയായ അടിസ്ഥാന സൗകര്യമുള്ള ആശുപത്രികളില്‍ രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം അനുവദിക്കുന്നതിനായി ഇത് സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വരുത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനം ഇറക്കി. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ നേരിടുന്ന പ്രയാസം കണക്കിലെടുത്തും അവയവ മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടി.
സൂര്യാസ്തമയത്തിന് ശേഷം പോസ്റ്റുമോര്‍ട്ടം പാടില്ലെന്ന് ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ വ്യവസ്ഥയുണ്ടായിരുന്നു. വെളിച്ചക്കുറവും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയായിരുന്നു ഇക്കാര്യത്തില്‍ നിയന്ത്രണമുണ്ടായിരുന്നത്.
അതേസമയം വര്‍ഷങ്ങളായി ഡല്‍ഹി എയിംസ് ഉള്‍പ്പെടെ രാജ്യത്തെ ചില ആശുപത്രികളില്‍ സൂര്യാസ്തമയത്തിന് ശേഷവും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു.
സംശയാസ്പദ സാഹചര്യത്തിലും കൊലപാതകം, ആത്മഹത്യ, ബലാത്സംഗം എന്നീ കേസുകളിലും മൃതശരീരങ്ങള്‍ ജീര്‍ണിച്ച അവസ്ഥയിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ സൂര്യാസ്തമയത്തിനുശേഷം പോസ്റ്റുമോര്‍ട്ടം നടത്തരുതെന്നും പുതിയ വ്യവസ്ഥയിലുണ്ട്.
ഭാവിയില്‍ സംശയങ്ങള്‍ ഒഴിവാക്കാന്‍ രാത്രിയില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും നിയമപരമായ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണമെന്നും മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും അയച്ച പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.




