
സംസ്ഥാനത്ത് പച്ചക്കറി വില വർധനവ് നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ. തമിഴ്നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് സർക്കാർ വാങ്ങുന്ന പച്ചക്കറികൾ സംസ്ഥാനത്ത് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. ഇത്തരത്തിൽ വാങ്ങുന്ന പച്ചക്കറികൾ ഇന്ന് തന്നെ ഹോർട്ടികോർപ്പ്, വിഎഫ്പിസികെ ഔട്ട് ലെറ്റുകൾ വഴി വിപണിയിലെത്തിക്കാനാണ് തയ്യാറെടുപ്പ് എന്ന് മന്ത്രി വ്യക്തമാക്കി.
കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം.
പച്ചക്കറിവില സാധാരണനിലയിൽ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത് എന്ന് കൃഷിമന്ത്രി പറഞ്ഞു.




