
കൊച്ചി: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ആശുപത്രി ആക്രമണങ്ങള്‍ തടയാന്‍ സംഘടന മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒ ആണ് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളില്‍നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുമെന്ന് കെജിഎംഒ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളിലും സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും കാഷ്വാലിറ്റി ഒഴികെയുള്ള സേവനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെച്ചായിരിക്കും പ്രതിഷേധം. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ സമയബന്ധിതമായി പരിഹാരം ഉണ്ടായില്ലെങ്കില്‍, രോഗീപരിചരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും കെജിഎംഒ മുന്നറിയിപ്പ് നല്‍കി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍ :
ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക.
അത്യാഹിത വിഭാഗങ്ങളില്‍ ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുകയും ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുകയും ചെയ്യുക.
പ്രധാന ആശുപത്രികളില്‍ പോലീസ് ഔട്ട് പോസ്റ്റുകള്‍ സ്ഥാപിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കുക.
മേജര്‍ ആശുപത്രികളിലെ സുരക്ഷയ്ക്കായി KSISF-നെ നിയോഗിക്കണമെന്ന ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ നിര്‍ദ്ദേശം നടപ്പിലാക്കുക.
എല്ലാ ആശുപത്രികളിലും സിസിടിവി സംവിധാനം സ്ഥാപിക്കുക.
വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും നിയമനം ഉറപ്പു വരുത്തുകയും ചെയ്യുക.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




